ഹരിപ്പാട്: ദേശീയപാതയിൽ ചേപ്പാട് മൂന്നുവാഹനങ്ങൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. 18 പേർക്ക് പരിക്ക്. നാലുപേരുടെ പരുക്ക് ഗുരുതരം. ഇന്നുപുലർച്ചെ അഞ്ചോടെ ദേശീയപാതയിൽ ചേപ്പാട് ജംഗ്ഷന് തെക്കുവശം സെന്റ് ജോർജ് ഓർത്തഡോക്സ് സുറിയാനി പള്ളിയുടെ മുൻവശത്തായിരുന്നു അപകടം. പച്ചക്കറി ലോറിയും ടെന്പോ ട്രാവലറും പാഴ്സൽ ലോറിയുമാണ് അപകടത്തിൽപ്പെട്ടത്.
തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ നിന്നു ചോറ്റാനിക്കര ദേവീക്ഷേത്ര ദർശനത്തിന് പോയവർ സഞ്ചരിച്ച ടെന്പോ ട്രാവലറും എടിഎസ് പാഴ്സൽ വാനും പച്ചക്കറി ലോറിയും തമ്മിൽ കൂട്ടിയിടിച്ചായിരുന്നു അപകടം. തിരുവനനന്തപുരത്ത് നിന്ന് വന്ന ട്രാവലറും ആലപ്പുഴ ഭാഗത്ത് നിന്ന് കായംകുളം ഭാഗത്തേക്ക് വന്ന പാഴ്സൽ വാനും തമ്മിൽ ആദ്യം കൂട്ടിയിടിക്കുകയും ഇടിയുടെ ആഘാതത്തിൽ ദിശതെറ്റിയ ട്രാവലറിൽ എതിരേ വന്ന പച്ചക്കറി ലോറിയിൽ ഇടിച്ചു മറിയുകയുമായിരുന്നു.
ട്രാവലർ വരുന്നത് കണ്ട് കൂട്ട ഇടി ഒഴിവാക്കുവാൻ പച്ചക്കറി ലോറിയുടെ ഡ്രൈവർ പെട്ടെന്ന് വെട്ടിച്ചെങ്കിലും ട്രാവലറിൽ തട്ടിമറിയുകയായിരുന്നു. അപകടത്തിൽ ട്രാവലർ ഡ്രൈവർ തിരുവനന്തപുരം കൊല്ലോട് കൂവക്കുഴി എസ്എസ് ഭവനിൽ എം.സദ്രാക്കിന്റെ മകൻ ഷാരോണ് എസ് സദ്രാക് (26) ആണ് മരിച്ചത്.
ട്രാവലറിൽ 20 പേരുണ്ടായിരുന്നു. ഇടിയെ തുടർന്ന് ട്രാവലറിൽ കുടുങ്ങിയ ഡ്രൈവറുൾപ്പടെ നാലുപേരെ ഒരു മണിക്കൂറോളം പരിശ്രമിച്ച് വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുുത്തത്. അപകടത്തിൽ പരിക്കേറ്റ 17 പേർ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലും ഒരാൾ കായംകുളം ഗവ.ആശുപത്രിയിലും ചികിത്സയിലാണ്.
അപകടത്തെ തുടർന്ന് രണ്ടുമണിക്കൂറോളം ദേശീയപാതയിൽ ഗതാഗത കുരുക്കുണ്ടായി. വാഹനങ്ങൾ ദേശീയപാതയുടൈ താഴെയുള്ള പഴയ റോഡ്് വഴിയും കായംകുളം കാർത്തികപ്പള്ളി റോഡ് വഴിയും തിരിച്ചു വിട്ടു. ഹരിപ്പാട് നിന്ന് ലീഡിംഗ് ഫയർമാൻ നാസറുദ്ദീന്റെയും കായംകുളത്ത് നിന്ന് വിനോദ് കുമാറിന്റെയും നേതൃത്വത്തിലുള്ള അഗ്നിശമന സേനയും കരീലക്കുളങ്ങരയിൽ നിന്നുള്ള പോലീസും ഹൈേവേ പോലീസും അപകടസ്ഥലത്തെത്തി സ്ഥിതി ഗതികൾ നിയന്ത്രിച്ചു.