ഹരിപ്പാട്: ദേശീയപാതയിൽ നാരകത്തറയിൽ സൂപ്പർ ഫാസ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ച് ലോറി ഡ്രൈവർക്ക് ഗുരുതര പരിക്ക്. ബസ് കണ്ടക്ടറും യാത്രക്കാരനും ബൈക്ക് യാത്രികനുമടക്കമുള്ളവർക്ക് നിസാരപരിക്കേറ്റു. ഇന്ന് രാവിലെ 6.30 ന് ആയിരുന്നു അപകടം.തിരുവനന്തപുരത്ത് നിന്ന് കൊടുങ്ങല്ലൂരേക്കു പോയ സൂപ്പർഫാസ്റ്റ് ബസ്സിന്റെ മുൻവശത്ത് തമിഴ്നാട് നാമക്കല്ലിൽ നിന്ന് കായംകുളത്തേക്ക് മുട്ടകയറ്റിവന്ന ലോറി ഇടിക്കുകയായിരുന്നു. ഇടിയെ തുടർന്ന് നിന്നു പോയ സൂപ്പർഫാസ്റ്റിന്റെ പിന്നിൽ മോട്ടോർ ബൈക്കും ഇടിച്ചു കയറി. മുട്ട ലോറിയുടെ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് കരുതുന്നു.
അപകടത്തിൽ ഗുരുതരപരിക്കേറ്റ ലോറി ഡ്രൈവർ ശക്തി (45)യെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബൈക്ക് യാത്രക്കാരൻ തഴവ സ്വദേശി രാജീവ്, ബസ് ഡ്രൈവർ, കണ്ടക്ടർ, യാത്രക്കാർ എന്നിവർക്ക് നിസ്സാര പരിക്കേറ്റു. ഇവരെ പ്രഥമ ശുശ്രൂഷ നല്കി വിട്ടയച്ചു.
അപകടത്തെ തുടർന്ന് ദേശീയ പാതയിൽ ഒരു മണിക്കൂറോളം ഗതാഗത തടസമുണ്ടായി. ഹൈവേ പോലീസും ഹരിപ്പാട് പോലീസും ചേർന്ന് ഗതാഗതം നിയന്ത്രിച്ചു. നാരകത്തറ ഡാണാപ്പടി മാർക്കറ്റ് റോഡ് വഴിയും ഡാണാപ്പടി പാതിരംകുളങ്ങര റോഡ് വഴിയും വാഹനങ്ങൾ വഴിതിരിച്ചു വിട്ടു. ദേശീയ പാതയിൽ ഈ ഭാഗത്ത് രണ്ടാഴ്ചക്കിടയിൽ നടക്കുന്ന നാലാമത്തെ അപകടമാണിത്. രണ്ടാഴ്ച മുന്‍പുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരായ രണ്ടു യുവാക്കൾ മരിച്ചിരുന്നു.