ഹരിപ്പാട് : ദേശീയപാതയിൽ കരീലക്കുളങ്ങര പോലീസ് സ്റ്റേഷന് സമീപം നാലുപേരുടെ മരണത്തിനിടയാക്കി അപകടത്തിൽപ്പെട്ട കാറിൽ നിന്നും മാരകായുധവും കഞ്ചാവും കണ്ടെത്തി. അപകടത്തിൽപ്പെട്ട് പൂർണമായി തകർന്ന കാർ പോലീസ് വിശദമായി പരിശോധിച്ചപ്പോഴാണ് കത്തിയും കഞ്ചാവും കണ്ടെത്തിയത്.
കാറിലുണ്ടായിരുന്ന രണ്ടു പേർ ക്രിമിനൽ പശ്ചാത്തലമുള്ളവരും കാപ്പ നിയമപ്രകാരം നാടു കടത്തിയവരാണെന്നും പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ശനിയാഴ്ച പുലർച്ചെ മൂന്നോടെ മണലുമായി കായംകുളം ഭാഗത്തേക്ക് വന്ന ലോറിയും കായംകുളത്ത് നിന്നും എറണാകുളത്തേക്ക് വന്ന കാറുമാണ് അപകടത്തിൽപ്പെട്ടത്.
അപകടത്തിൽ കായംകുളം പുള്ളിക്കണക്ക് സെമീന മൻസിലിൽ കുഞ്ഞുമോന്റെ മകൻ റിയാസ് (26) പുള്ളികണക്ക് കുറ്റിയിൽ കിഴക്കതിൽ ഐഷ ഫാത്തിമ (25 ) ഐഷ ഫാത്തിമയുടെ മകൻ ബിലാൽ (5) കൊട്ടാരക്കര വടക്കേക്കര ആനക്കൊട്ടൂരിൽ ഓമനക്കുട്ടൻ മകൻ ഉണ്ണിക്കുട്ടൻ( 25 )എന്നിവരാണ് മരിച്ചത്.
അപകടത്തിൽ കാറിൽ സഞ്ചരിച്ച ഐഷ ഫാത്തിമ യുടെ ഭർത്താവ് അൻഷിഫ് ( 27 ) കൊട്ടാരക്കര സ്വദേശി അജ്മി എന്നിവർക്കും ലോറി ഡ്രൈവർ കരുനാഗപ്പള്ളി കടത്തൂർ അൻസാന മൻസിൽ നൗഷാദ്, ക്ളീനർ രാജേഷ് എന്നിവർക്കുമാണ് പരിക്കേറ്റത്.
ഇവരെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കരീലക്കുളങ്ങര പോലീസ് സ്റ്റേഷന് മുൻവശത്തെ പെട്രോൾ പമ്പിന് സമീപം വെച്ചായിരുന്നു അപകടം.