ഹരിപ്പാട്: നാടിനെ നടുക്കി കരുവാറ്റായിൽ ഓണം അവധിക്കായി അടച്ച സർവീസ് സഹകരണ ബാങ്കിൽ മോഷണം നടന്ന സംഭവത്തിൽ കായംകുളം ഡിവൈഎസ്പി അലക്സ് ബേബിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ചു അന്വേഷണം ആരംഭിച്ചു.
4.5 കിലോഗ്രാം സ്വർണവും 4.5 ലക്ഷം രൂപയുമാണ് മോഷ്ടാക്കൾ അപഹരിച്ചത്. അതിനൂതനരീതിയിൽ അത്യാധുനിക ഉപകരണങ്ങൾ ഉപയോഗിച്ച് വിദഗ്ധരായ മോഷ്ടാക്കളുടെ മേൽനോട്ടത്തിൽ നടന്ന ഈ കൊള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥരെപ്പോലും ഞെട്ടിച്ചു.
ഇന്നലെ രാവിലെ സെക്രട്ടറി ബാങ്ക് തുറക്കാനായി വന്നപ്പോഴാണ് ബാങ്കിന്റെ പൂട്ടുതകർത്ത നിലയിൽ കണ്ടെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് കവർച്ച നടന്നതായി ബോധ്യമായത്. തുടർന്ന് ഇവർ ഹരിപ്പാട് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.
അവർ പുറത്തുവന്നത്..
മുൻവശത്തെ വാതിൽ, ഒരു ജനൽ എന്നിവ പൊളിച്ച നിലയിലാണ് കാണപ്പെട്ടത്. മുൻവശത്തെ വാതിലിലൂടെയാണ് മോഷ്ടാക്കൾ അകത്ത് കടന്നിരിക്കുന്നത്.
തുടർന്ന് ഗ്യാസ് കട്ടർ ഉപയോഗിച്ച് സ്ട്രോങ്ങ് റൂമിന്റെ വാതിലിന്റെ താഴ്ഭാഗം മുറിച്ചുമാറ്റുകയും അതുവഴി മുറിക്കുള്ളിൽ കടന്ന് സേഫ് ഗ്യാസ് കട്ടർ ഉപയോഗിച്ച് മുറിച്ചു മാറ്റിയാണ് സ്വർണവും പണവും കവർന്നിരിക്കുന്നത്.
മുൻവശത്തെ വാതിൽ അകത്തുനിന്നു കുറ്റിയിട്ട ശേഷം ജനലഴികൾ മുറിച്ചാണ് മോഷ്ടാക്കൾ പുറത്തുവന്നിരിക്കുന്നത് എന്നാണ് പോലീസിന്റെ നിഗമനം. വാതിൽ അകത്തുനിന്ന് കുറ്റിയിട്ടിരിക്കുന്നതിനാൽ ഇത് പൊളിച്ചിരിക്കുന്നത് ആരുടെയും ശ്രദ്ധയിൽ പെടില്ല.
ബാങ്കിലെ സിസിടിവിയുടെ ഹാർഡ് ഡിസ്കുകളും മോഷ്ടാക്കൾ കൊണ്ടുപോയി. കൂടാതെ രണ്ട് കന്പ്യൂട്ടറുകളും മോഷണം പോയിട്ടുണ്ട്.
അവരെ സഹായിച്ചത്…
ഗ്യാസ് – ഓക്സിജൻ സിലിണ്ടറുകളിൽ നിന്നുള്ള മിശ്രിതം കൃത്യമായ അളവിൽ കടത്തിവിട്ട് ശബ്ദരഹിതമായി ഏറെ സുരക്ഷാ സംവിധാനമുള്ള ലോക്കർ തകർക്കണമെങ്കിൽ ഈ രംഗത്ത് അതീവ പ്രാഗൽഭ്യം ഉള്ളവരുടെ ഒരു സംഘം ഉണ്ടായിരിക്കണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ഈ മിശ്രിതത്തിന്റെ അളവ് അൽപ്പമൊന്നു കൂടിയാൽ വൻ പൊട്ടിത്തെറിക്കു വരെ സാധ്യതയുണ്ടെന്നാണ് കണക്കാക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ മേഖലയിൽ രാത്രിയിൽ പെയ്ത തോരാമഴയും കവർച്ചക്കാർക്ക് അനുഗ്രഹമായിരുന്നതായി കരുതാം.
നിക്ഷേപകർ പേടിക്കേണ്ട..!
ബാങ്ക് പ്രവർത്തിക്കുന്നത് പഴയ കെട്ടിടത്തിലാണെങ്കിലും ഇവിടെ പരമാവധി സുരക്ഷയൊരുക്കാൻ ഭരണ സമിതി ശ്രദ്ധിച്ചിരുന്നു. ബാങ്കിനു പുതിയ ആസ്ഥാന മന്ദിരം നിർമിക്കാനും നിരവധി പുത്തൻ വരുമാന സ്രോതസ് കണ്ടെത്തുവാനും കഴിഞ്ഞ വാർഷിക പൊതുയോഗം ഭരണ സമിതിയെ ചുമതലപ്പെടുത്തിയിരുന്നു.
അവയോരോന്നായി നടപ്പിലാക്കി വരികയായിരുന്നുവെന്നും കെട്ടിടം നിർമിക്കുവാനുള്ള തീരുമാനം അന്തിമ ഘട്ടത്തിലേക്ക് നീങ്ങുന്ന വേളയിലാണ് ബാങ്കിന് ഇങ്ങനെയൊരു തിരിച്ചടിയുണ്ടായതെന്നും ബാങ്ക് അധികൃതർ പറഞ്ഞു.
പണയ സ്വർണത്തിനും മറ്റും കൃത്യമായ ഇൻഷുറൻസ് പരിരക്ഷയും നിക്ഷേപങ്ങൾക്ക് ബാങ്ക് ഗ്യാരണ്ടിയും ഉള്ളതിനാൽ സഹകാരികളുടെ പണവും സ്വർണ നിക്ഷേപവും സുരക്ഷിതമാണെന്നും യാതൊരാശങ്കയ്ക്കും അടിസ്ഥാനമില്ലെന്നും ബാങ്ക് അധികൃതർ പറഞ്ഞു.