ഹരിപ്പാട് : ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച പഞ്ചായത്തംഗം സത്യപ്രതിജ്ഞയ്ക്ക് എത്തിയത് ആംബുലൻസിൽ. മുതുകുളം പഞ്ചായത്തിലെ നാലാം വാർഡിൽ നടന്ന ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച യുഡി എഫ് സ്വതന്ത്രസ്ഥാനാര്‍ഥി ജി.എസ്. ബൈജു ആണ് ആശുപത്രിക്കിടക്കയില്‍നിന്ന് ആംബുലന്‍സിലെത്തി സത്യപ്രതിജ്ഞ ചെയ്തത്.
മുതുകുളം പഞ്ചായത്ത് നാലാം വാര്‍ഡില്‍നിന്നും വിജയിച്ച ബൈജുവിനെ തെരഞ്ഞെടുപ്പ് ഫലം വന്ന ദിവസം രാത്രി ബിജെപി പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നു.
കൈയ്ക്കും കാലിലും ഗുരുതരമായി പരിക്കേറ്റ ബൈജു ഹരിപ്പാട്ടെ സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കു വിധേയമായി. ചികിത്സയിലിരിക്കെ ഡോക്ടറുടെ അനുമതിയോടെ ഇന്നലെ രാവിലെ 11.30 സത്യപ്രതിജ്ഞ ചെയ്യാന്‍ ആംബുലന്‍സില്‍ എത്തിയത്.
ചിങ്ങോലി വന്ദികപ്പള്ളി ജംഗ്ഷനില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ പ്രകടനമായി എത്തിയാണ് ബൈജുവിനെ സ്വീകരിച്ചത്.ഓഫീസിനു മുന്‍വശത്തു പഞ്ചായത്ത് പ്രസിഡന്റ് ജ്യോതിപ്രഭ സത്യവാചകം ചൊല്ലിക്കൊടുത്തു.
ഡിസിസി പ്രസിഡന്റ് ബി. ബാബുപ്രസാദ്, നേതാക്കളായ ജോണ്‍ തോമസ്, മുഞ്ഞിനാട്ട് രാമചന്ദ്രന്, വി. ഷുക്കൂര്‍, കുറ്റക്കാട് രവീന്ദ്രന്, എം. രാജഗോപാല്‍, രവിപുരത്ത് രവീന്ദ്രന് എന്നിവര്‍ പങ്കെടുത്തു.
മുതുകുളത്ത് ജയിച്ച സ്ഥാനാർഥിയെ ആക്രമിച്ച കേസിൽ മുഖ്യപ്രതി അറസ്റ്റിൽ
ഹരിപ്പാട്: മുതുകുളം നാലാം വാർഡിലെ ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി ജി.എസ്. ബൈജുവിനെ ആക്രമിച്ച കേസിൽ ഒന്നാംപ്രതി അറസ്റ്റിൽ. ചിങ്ങോലി പ്രസാദ് ഭവനത്തിൽ പ്രവീണിനെ (35 )യാണ് കനകക്കുന്ന് പോലീസ് പിടികൂടിയത്.
ഉപതെരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസമാണ് ബൈജുവിനെ മൂന്നംഗസംഘം ആക്രമിച്ചത്. കൈക്കും കാലിനും പരിക്കേറ്റ ബൈജു ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
നേരത്തെ ബിജെപി പ്രവർത്തകൻ ആയിരുന്ന ബൈജു മറ്റൊരു പാർട്ടിയിൽനിന്ന് ജയിച്ചതിന്റെ വൈരാഗ്യമാണ് കാരണമെന്ന് പോലീസ് പറഞ്ഞു.
കായംകുളം ഡിവൈഎസ്പി അലക്സ് ബേബിയുടെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. കൃത്യത്തിന് ശേഷം ബൈക്ക് ഹൈവേ സൈഡിൽ ഉപേക്ഷിച്ച് വടക്കൻ ജില്ലകളിലേക്ക് കടന്ന പ്രതി പണവും മറ്റു രേഖകളും എടുക്കുന്നതിനായിരുന്നു നാട്ടിൽ എത്തിയത്.
മൊബൈൽ ഫോൺ ലൊക്കേഷൻ ട്രേസ് ചെയ്ത അന്വേഷണസംഘം തൃക്കുന്നപ്പുഴ പുളിക്കീഴിൽ പ്രതിയെ പിടികൂടുകയായിരുന്നു.കനകക്കുന്ന് എസ്എച്ച്ഒ വി. ജയകുമാറിന്റെ നേതൃത്വത്തിൽ എസ്ഐ മാരായ ഷാബുമോൻ ജോസഫ്, ബഷിറുദ്ദീൻ, പോലീസുദ്യോഗസ്ഥരായ ഗിരീഷ് എസ്.ആർ, ജിതേഷ് മോൻ, റോഷിത്, അനിൽകുമാർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.