ഹരിപ്പാട്: അഞ്ചംഗ ക്വട്ടേഷൻ സംഘം യുവാവിനെ വീട്ടിൽ നിന്നും വിളിച്ചിറക്കി വെട്ടിക്കൊലപ്പെടുത്തി. ഹരിപ്പാട് നങ്യാർകുളങ്ങര അരുണപ്പുറം കരുകതയിൽ ബേബിയുടെ മകൻ ലിജോ വർഗീസ് (29) ആണ് കൊല്ലപ്പെട്ടത്.ഇന്നലെ രാത്രി 11 ഓടെ മാരകായുധങ്ങളുമായെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷം അഞ്ചംഗസംഘം ഇയാളെ വീട്ടിൽ നിന്നും വിളിച്ചിറക്കി വെട്ടിക്കൊല്ലുകയായിരുന്നു.
പ്രദേശവാസിയായ സുനീഷ് എന്നയാളുടെ നേതൃത്വത്തിലുള്ള സംഘമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. പ്രതികളെ പിടികൂടാൻ ഹരിപ്പാട് സിഐ മനോജിന്റെ നേതൃത്വത്തിൽ അന്വേഷണം ഉൗർജിതമാക്കി. സുനീഷിന്റെ ഭാര്യയെ പീഡിപ്പിച്ച കേസിൽ പിടിയിലായി റിമാൻഡിലായ ലിജോ വർഗീസ് കഴിഞ്ഞിടെയാണ് പുറത്തിറങ്ങിയത്. കഴിഞ്ഞ ആറുമാസത്തിനിടെ ഹരിപ്പാട് മേഖലയിൽ നടന്ന ആറാമത്തെ കൊലപാതകമാണിത്.
ക്വട്ടേഷൻ സംഘങ്ങളുടെ കുടിപ്പകയിലും മറ്റും വർധിച്ചുവരുന്ന അക്രമങ്ങളിലും കൊലപാതകങ്ങളിലും ജനങ്ങൾ ആകെ ഭീതിയിലാണ്. ജില്ലാ പോലീസ് മേധാവി ഉൾപ്പെടെയുള്ള ഉന്നത പോലീസ് സംഘം സംഭവസ്ഥലത്തെത്തി രാവിലെ തെളിവെടുപ്പ് നടത്തും. കൊല്ലപ്പെട്ട ലിജോ വർഗീസിന്റെ മൃതദേഹം ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിൽ ഉച്ചയോടെ പോസ്റ്റുമോർട്ടം നടത്തും. പ്രദേശത്ത് പോലീസ് തെരച്ചിൽ ഉൗർജിതമാക്കിയിരിക്കുകയാണ്.