ഹരിപ്പാട്: ബൈക്കിലെത്തിയ രണ്ടംഗ സംഘം യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളെ തിരിച്ചറിഞ്ഞു. ചിങ്ങോലി സ്വദേശികളായ ഹരീഷ്(32) കലേശ്( 33) എന്നിവർക്കെതിരെ കരീലക്കുളങ്ങര പോലീസ് കേസെടുത്തു.
ചിങ്ങോലി നെടിയത് വീട്ടിൽ പരേതനായ വിക്രമന്റെ മകൻ ജയറാം (31) ആണ് കുത്തേറ്റു മരിച്ചത്. ഇന്നലെ വൈകുന്നേരം എട്ടു മണിയോടെ ചിങ്ങോലി വായനശാല ജംഗ്ഷനു സമീപമാണ് കൊലപാതകം നടന്നത്.
ജയറാമിന്റെ ഇടതുകാലിലാണ് കുത്തേറ്റത്. രക്തം വാർന്നുറോഡിൽ വീണു കിടന്ന ജയറാമിനെ സംഭവമറിഞ്ഞെത്തിയ പഞ്ചായത്ത് അംഗം ബിനുരാജ് ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.
ഇവർ മൂവരും കെട്ടിട നിർമാണ തൊഴിലാളികളാണ്. ജയറാം കഴിഞ്ഞദിവസം കരാറുകാരനുമായി തർക്കമുണ്ടായിരുന്നു. അതിനെക്കുറിച്ച് ചോദിക്കാൻ എത്തിയതിനിടെയാണ് കൊലപാതകം നടന്നത്.