ഹരിപ്പാട്: യുവാവിനെ കുത്തിക്കൊന്ന സംഭവത്തിൽ കൂട്ടുതൊഴിലാളികളായ പ്രതികളെ പോലീസ് അറസ്റ്റു ചെയ്തു. ജോലി സംബന്ധമായ തർക്കമാണ് കൊലപാതകത്തിലേക്കെത്തിയത്.
ഞായറാഴ്ച രാത്രി എട്ടോടെയാണ് ചിങ്ങോലി നെടിയാത്ത് പുത്തൻവീട്ടിൽ പരേതനായ വിക്രമന്റെ മകൻ ജയറാം (30) ചിങ്ങോലി വായനശാല ജംഗ്ഷന് സമീപം കൂട്ടുതൊഴിലാളികളുടെ കുത്തേറ്റ് മരിച്ചത്.
സംഭവത്തിൽ പ്രതികളായ ചിങ്ങോലി തറവേലിക്കകത്ത് വീട്ടിൽ ഹരീഷ് (30), കലേഷ് ഭവനത്തിൽ കലേഷ് (29) എന്നിവരെ പത്തനംതിട്ട കൊടുമണ്‍ ഐക്കാട് പ്രദേശത്ത് നിന്നുമാണ് കരീലക്കുളങ്ങര പോലീസ് അറസ്റ്റ് ചെയ്തത്.
ഡിവൈഎസ്പിയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. പ്രതികൾ കുളനടയ്ക്ക് അടുത്ത് ഒരു വീട്ടിലുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടർന്ന് പോലീസ് അവിടെ യെത്തിയപ്പോൾ പ്രതികൾ അവിടെ നിന്ന് രക്ഷപ്പെട്ടു.
അടുത്ത വീട്ടിൽ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കൊടുമണ്‍ ഐക്കാട് കലേഷിന്റ ബന്ധുവീട്ടിൽ ഉണ്ടെന്ന് മനസിലാക്കി പോലീസ് അവിടെ എത്തി പ്രതികളെ പിടികൂടിയത്.
ഇവരെ ഇന്നലെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. കുത്താൻ ഉപയോഗിച്ച കത്തി നങ്ങ്യാർകുളങ്ങര റെയിൽവേ ക്രോസിന് സമീപമുള്ള ഇടറോഡിലെ ചാലിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെടുത്തു.
കെട്ടിട നിർമ്മാണ തൊഴിലാളികളായ പ്രതികളും ജയറാമും ചിങ്ങോലിയിൽ ഉള്ള കരാറുകാരനൊപ്പമാണ് ജോലി ചെയ്തുവന്നിരുന്നത്. പ്രതികൾ ജോലിക്ക് വന്നതോടെ തന്നെ ജോലിക്ക് വിളിക്കുന്നില്ലെന്ന പേരിൽ കരാറുകാരനും ജയറാമും തമ്മിൽ വാക്കുതർക്കം ഉണ്ടായിരുന്നു.
ഇതിന്റെ വൈരാഗ്യത്തിലാണ് കൊലപാതകം നടന്നതെന്ന് പോലീസ് പറഞ്ഞു. കൊലപാതകത്തിന് തലേ ദിവസം ജയറാമും കലേഷും തമ്മിൽ കള്ള് ഷാപ്പിൽ വെച്ച് വാക്ക് തർക്കവും ഉണ്ടായി. സംഭവം നടന്ന ദിവസം ബൈക്കിലെത്തിയ പ്രതികൾ ജയറാമിനെ വെല്ലുവിളിച്ച് ഉന്തും തള്ളും ഉണ്ടാവുകയും ഹരീഷ് കത്തി കൊണ്ട് ജയറാമിന്റെ ഇടതുകാലിൽ കുത്തുകയും ചെയ്തു.
ജയറാം വീണതോടെ പ്രതികൾ ബൈക്കിൽ കയറി രക്ഷപ്പെട്ടു. കരീലകുളങ്ങര സിഐ എസ്.എൽ. അനിൽ കുമാറിന്റെ നേതൃത്വത്തിൽ സിപിഒ മണിക്കുട്ടൻ, ഡിവൈഎസ്പിയുടെ സ്ക്വാഡ് അംഗങ്ങളായ ബിനു, ഇല്ല്യാസ്, റിനു ഉമ്മൻ, ഷാജി, പ്രദീപ്, എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.