ഹരിപ്പാട് :വലിയഴീക്കലിൽ വീട് വാടകയ്ക്കെടുത്തു കഞ്ചാവു വിൽപന നടത്തിവന്ന ഇടുക്കി തൊടുപുഴ സ്വദേശികളായ മൂന്നു പേരെ ആലപ്പുഴ എക്സൈസ് ഇൻറലിജൻസും കായംകുളം എക്സൈസ് സംഘവും ചേർന്ന് പിടികൂടി.
കളപ്പുരക്കൽ വീട്ടിൽ മനു(28), ഒറ്റപ്ലാക്കിൽ വീട്ടിൽ ആദർശ്(20), തെക്കേ മുരിഞ്ഞൂർ വീട്ടിൽ ആസാദ്(31) എന്നിവരെയാണ് അറസ്റ്റു ചെയ്തത്. ഇവരിൽ നിന്ന് 1.4-കിലോ കഞ്ചാവും കണ്ടെടുത്തു.
ഇന്നലെ വൈകിട്ട് കണ്ടല്ലൂർ പുല്ലുകുളങ്ങര ഷാപ്പുമുക്കു ഭാഗത്ത് കഞ്ചാവ് വിൽപനക്കാരെന്ന് സംശയമുളള രണ്ടുപേർ നിൽക്കുന്നതായി എക്സൈസ് ഇന്റലിജൻസ് ബ്യൂറോയ്ക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.
ഇവരിൽ നിന്ന് ആദ്യം 200 ഗ്രാം കഞ്ചാവു കണ്ടെടുത്തു. തുടർന്ന് ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ വലിയഴീക്കൽ ലൈറ്റ് ഹൗസിനു കിഴക്കു ഭാഗത്ത് ഇവർ വാടകയ്ക്കു താമസിച്ചിരുന്ന വീട്ടിൽ നിന്ന് ബാഗിൽ സൂക്ഷിച്ചിരുന്ന 1.2 കിലോ കഞ്ചാവ് കൂടി കണ്ടെടുക്കുകയായിരുന്നു.
പിടികൂടിയ കഞ്ചാവിന് ഒരു ലക്ഷം രൂപയോളം വിലവരുമെന്ന് എക്സൈസ് പറഞ്ഞു. ഇടുക്കിയിൽ നിന്നെത്തിക്കുന്ന കഞ്ചാവ് ഇവർ വലിയഴീക്കലും പരിസര പ്രദേശത്തുമായി വിൽപന നടത്തി വരികയായിരുന്നു.
100-ഗ്രാമിന് പതിനായിരം രൂപ നിരക്കിലാണ് വിൽപന ചില്ലറ വിൽപന നടത്തിയിരുന്നത്. പ്രതി ആസാദ് നേരത്തേ വലിയഴീക്കൽ ഹാർബറിൽ ജോലി ചെയ്തിരുന്നു. ഈ പരിചയം വച്ചാണ് ഇവിടെ വാടകയ്ക്കു വീടെടുത്തത്.