ഹരിപ്പാട്: യുവാവിനെ വീട്ടിൽക്കയറി വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഏഴുപേർ പിടിയിലായി. ഹരിപ്പാട് നങ്ങ്യാർകുളങ്ങര അകംകുടി അരണപ്പുറം കറുകത്തറയിൽ ലിജോ വർഗീസ് (29) കൊല്ലപ്പെട്ട കേസിൽ നങ്ങ്യാർകുളങ്ങര അകംകൂടി കറുകത്തറയിൽ ശിവാനന്ദന്റെ മകൻ ശിവപ്രസാദ് (സുനീഷ്-31), ഇയാളുടെ സഹോദരൻ ശിവലാൽ (അനീഷ്-28), അകംകുടി ഉളളന്നൂർ ശിവദാസന്റെ മകൻ ഷിബു (പോത്തൻ ഷിബു -26), അകംകുടി എഴുത്തുകാരന്റെ വടക്കതിൽ മുകേഷ് (മൂങ്ങ മുകേഷ്- 30), അകംകുടി അയനം വീട്ടിൽ മനു (26), അകംകുടി ശ്രീനിവാസിൽ രാധാകൃഷ്ണന്റെ മകൻ രഞ്ജിത്ത് (34), പിലാപ്പുഴ തോട്ടുകടവിൽ ഷാജഹാന്റെ മകൻ സുമീർ (മാഹീൻ-22) എന്നിവരെയാണ് ഇന്നലെ അറസ്റ്റ് ചെയ്തത്.
അഞ്ചുവരെ പ്രതികൾ കൊലപാതകത്തിൽ നേരിട്ടു പങ്കുള്ളവരും ആറാംപ്രതി രഞ്ജിത്ത് പ്രതികളെ രക്ഷപ്പെടാൻ സഹായിച്ച ആളും ഏഴാംപ്രതി സുമീർ പ്രതികൾ രക്ഷപ്പെടാൻ ഉപയോഗിച്ച ആംബുലൻസിന്റെ ഡ്രൈവറുമാണ്. കേസിലെ ഒരു പ്രതിയുടെ ഭാര്യയുമായി കൊല്ലപ്പെട്ട ലിജോയ്ക്കുണ്ടായിരുന്ന അവിഹിത ബന്ധമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.
കൃത്യം നടത്തിയതിനുശേഷം പ്രതികൾ ഹരിപ്പാട്ടുനിന്നും ട്രെയിൻ മാർഗം കായംകുളത്തേക്ക് രക്ഷപ്പെടുകയും അവിടെനിന്നും പ്രതികളുടെ സുഹൃത്തായ സുമീർ ഓടിക്കുന്ന ആംബുലൻസ് ഫോണിൽ വിളിച്ചു വരുത്തിയുമാണ് എറണാകുളത്തേക്ക് പോയത്.
അവിടെനിന്നും ഇവർ പല സംഘങ്ങളായി തിരിഞ്ഞ് തൃശൂർ, പാലക്കാട്, കോയന്പത്തൂർ എന്നിവിടങ്ങളിലേക്ക് പോയി. ഇവിടെയെല്ലാം പ്രതികളെ പിൻതുടർന്ന് പോലീസ് എത്തിയെങ്കിലും തലനാരിഴയ്ക്ക് ഇവർ രക്ഷപ്പെടുകയായിരുന്നു. കൈവശമുണ്ടായിരുന്ന പണം തീർന്നപ്പോൾ വീണ്ടും പ്രതികൾ എറണാകുത്ത് ഒത്തുചേർന്ന് രണ്ടാംപ്രതി ശിവലാലിന്റെ കുണ്ടന്നൂരിലുള്ള ഭാര്യാവീട്ടിൽ പണത്തിനായി എത്തിയപ്പോഴാണ് പോലീസിന്റെ പിടിയിലായത്.
ആലപ്പുഴ എസ്പി എസ്. സുരേന്ദ്രന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ സ്പെഷൽ സ്ക്വാഡ്, സൈബർസെൽ, ഫോറൻസിക് വിഭാഗം എന്നിവരുടെ സഹായത്തോടെ അന്വേഷണസംഘം നടത്തിയ കൂട്ടായ പരിശ്രമമാണ് പ്രതികളെ വേഗത്തിൽ പിടികൂടുവാൻ സഹായിച്ചത്. കായംകുളം ഡിവൈഎസ്പി അനിൽദാസ്, ഹരിപ്പാട് സിഐ റ്റി. മനോജ്, എസ്ഐ കെ.ജി. രതീഷ്, വീയപുരം, എസ്ഐ അനിൽകുമാർ, സിപിഒ മാരായ മനോജ്, നിഷാദ്, മധു, കിഷോർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ ഇന്ന് സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുക്കുമെന്നും തുടർന്ന് കോടതിയിൽ ഹാജരാക്കുമെന്നും പോലീസ് പറഞ്ഞു.