ഹരിപ്പാട്: എംപാനൽ കണ്ടക്ടർമാരെ പിരിച്ചുവിട്ടതോടെ ഹരിപ്പാട് ഡിപ്പോയിൽ നിന്നുള്ള സർവീസുകൾ താളം തെറ്റി. 26 എം പാനൽ കണ്ടക്ടർമാരാണ് ഇവിടെ ജോലി ചെയ്തിരുന്നത്. ഇവരെ പിരിച്ചുവിട്ടു കൊണ്ടുള്ള നോട്ടീസ് തിങ്കളാഴ്ച ഉച്ചയോടെ ഡിപ്പോയിലെത്തി. നേരത്തേ തന്നെ ഫോണിൽ ഇവരെ വിവരം അറിയിച്ചിരുന്നു.
തിങ്കളാഴ്ച ആറുഷെഡ്യൂളുകളാണ് കണ്ടക്ടർമാരില്ലാത്തതിനാൽ മുടങ്ങിയത്. ഇന്നലെ രാവിലെയും വൈകുന്നേരവുമായി 15 ഷെഡ്യൂളുകളും വെട്ടിക്കുറച്ചു. ആകെ 21 ഷെഡ്യൂളുകൾ വെട്ടിക്കുറച്ചു. അടുത്ത ദിവസം കൂടുതൽ സർവീസുകൾ നിർത്തേണ്ടി വരും.
ദേശീയപാതയിലെ സർവീസുകൾ നിലനിർത്തി ഗ്രാമപ്രദേശങ്ങൾ വഴിയുള്ള സർവീസുകൾ വെട്ടിക്കുറയ്ക്കാനാണ് ചീഫ് ഓഫീസിൽ നിന്ന് നിർദ്ദേശം നൽകിയിട്ടുള്ളത്. പിരിച്ചുവിട്ടവരിൽ 12 വർഷമായി ജോലി ചെയ്യുന്നവരുമുണ്ട്. സർവീസ് കാലപരിധി നോക്കാതെ എല്ലാവരേയും പിരിച്ചുവിടാനാണ് നിർദേശം.