ഹരിപ്പാട്: പാതിരാത്രിക്ക് ബസ് നിർത്താതെ യാത്രക്കാരനെ ബുദ്ധിമുട്ടിച്ച കെഎസ്ആർടിസി ബസ് ഡ്രൈവർക്കെതിരേ പരാതി. സാമൂഹ്യനീതി വകുപ്പിൽ നിന്ന് ജില്ലാ പ്രൊബേഷൻ ഓഫീസറായി വിരമിച്ച കരുവാറ്റ ആഞ്ഞിലിവേലിൽ ചന്ദ്രബാബുവാണ് ഗതാഗത മന്ത്രി, കഐസ്ആർടിസി മാനേജിംഗ് ഡയറക്ടർ, ചീഫ് വിജിലൻസ് ആൻഡ് സെക്യൂരിറ്റി ഓഫീസർ എന്നിവർക്ക് പരാതി നൽകിയത്. എറണാകുളം- തിരുവനന്തപുരം റൂട്ടിലെ ലോഫ്ളോർ ബസിൽ കഴിഞ്ഞദിവസം രാത്രിയിലായിരുന്നു സംഭവം.
രാത്രി എറണാകുളത്തു നിന്ന് കയറുംമുന്പ് കരുവാറ്റയിൽ ഇറക്കാമോയെന്ന് കണ്ടക്ടറോട് ചോദിച്ചിട്ടാണ് ഇദ്ദേഹം ബസിൽ കയറിയത്. രാത്രി 12.30 ഓടെയാണ് ഇറങ്ങേണ്ട കരുവാറ്റ കടുവൻ കുളങ്ങരയിൽ എത്തിയത്. കണ്ടക്ടർ നിരന്തരം ആവശ്യപ്പെട്ടിട്ടും സ്റ്റോപ്പിൽ ബസ് നിർത്തിയില്ല. ബസ് നിർത്തണമെന്ന് ആവശ്യപ്പെട്ട മറ്റു യാത്രക്കാർക്കെതിരേ ഡ്രൈവർ തട്ടിക്കയറുകയും ആക്ഷേപിച്ച് സംസാരിക്കുകയും ചെയ്തു.
മിനിറ്റുകൾനീണ്ട തർക്കത്തിനൊടുവിൽ ഹരിപ്പാട് കഐസ്ആർടിസി ഡിപ്പോയിലാണ് ചന്ദ്രബാബുവിനെ ഇറക്കിയത്. ജഐൻ 410 ഇകെ നന്പർ ബസിലെ ഡ്രൈവർക്കെതിരേയാണ് ചന്ദ്രബാബു പരാതി നൽകിയിരിക്കുന്നത്. സംഭവം ഹരിപ്പാട് കഐസ്ആർടിസി ഉദ്യോഗസ്ഥരേയും പരാതി അറിയിച്ചിരുന്നു.