ഹരിപ്പാട്: ഒടുവിൽ വഴുതാനം സ്കൂളിലെ ആശ്വാസ കേന്ദ്രത്തിന്റെ കെട്ടിടം പൊളിച്ചു തുടങ്ങി. നടപടി രണ്ടു വർഷത്തെ കാത്തിരിപ്പിനു ശേഷമാണ്. പള്ളിപ്പാട് വഴുതാനം ഗവ.യുപി സ്കൂളിലെ അപകടനിലയിലായ ആശ്വാസകേന്ദ്രത്തിന്റെ കെട്ടിടമാണ് പൊളിക്കുന്നത്.
നടപടി ക്രമങ്ങൾ പൂർത്തിയാക്കി കെട്ടിടം പൊളിക്കുന്നതിന് രണ്ടു വർഷമെടുത്തു. കോൺക്രീറ്റ് അടർന്നും ആൽമരം വളർന്നും അപകട നിലയിലായ കെട്ടിടം പൊളിക്കണമെന്നാവശ്യപ്പെട്ട് 2018 മേയിൽ സ്കൂൾ അധികൃതർ പഞ്ചായത്തിന് കത്തു നൽകിയിരുന്നു.
നടപടിയുണ്ടാകാത്തതിനാൽ വിവിധ സംഘടനകളും രക്ഷിതാക്കളും പ്രതിഷേധവുമായി രംഗത്തു വന്നു. തുടർന്ന് കെട്ടിടം പൊളിക്കുന്നതിന് കരാർ ക്ഷണിച്ചെങ്കിലും നടന്നില്ല. കണക്കെടുപ്പുകൾ പലപ്പോഴും നടത്തിയെങ്കിലും കരാറായില്ല. ഇപ്പോൾ കരാർ ഏറ്റെടുത്തവർ കെട്ടിടം പൊളിച്ചു തുടങ്ങി.
വെള്ളപ്പൊക്കം പോലുള്ള അടിയന്തര സാഹചര്യത്തിൽ നാട്ടുകാരെ മാറ്റിത്താമസിപ്പിക്കുന്നതിനാണ് 40 വർഷം മുൻപ് സ്കൂൾ വളപ്പിൽ ആശ്വാസകേന്ദ്രത്തിന്റെ കെട്ടിടം നിർമിച്ചത്. സംരക്ഷണമില്ലാത്തതിനാൽ കെട്ടിടം ഏതു നിമിഷവും ഇടിഞ്ഞു വീഴാവുന്ന സ്ഥിതിയിലായിരുന്നു.
കുട്ടികളെ കളിക്കാൻ പോലും പുറത്തേക്ക് വിടുന്നത് അധ്യാപകരുടെ സാന്നിധ്യത്തിലായിരുന്നു. കെട്ടിടം പൊളിക്കണമെന്നാവശ്യപ്പെട്ട് സ്കൂൾ അധികൃതർ നിരവധി തവണ പഞ്ചായത്തിന് കത്തും നൽകിയിരുന്നു.