ഹരിപ്പാട്: സഹോദരീ ഭർത്താവിനെ വെട്ടിക്കൊന്ന സംഭവത്തിൽ ഭാര്യാ സഹോദരനെ പോലീസ് അറസ്റ്റ് ചെയ്തു. എരിക്കാവ് മൂന്നുകുളങ്ങര വീട്ടിൽ ശ്രീകുമാരപിള്ള(65)യാണ് മരിച്ചത്.
സംഭവത്തിൽ ഭാര്യാ സഹോദരൻ കൃഷ്ണൻ നായരെ(63) പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി പത്തോടെയാണ് സംഭവം. സ്ഥിരമായി മദ്യപിച്ചെത്തുന്ന ശ്രീകുമാരപിള്ളയും കൃഷ്ണൻനായരും ഇന്നലെ വഴക്കുണ്ടാക്കി. വഴക്കിനിടെ വെട്ടുകത്തി ഉപയോഗിച്ച് വെട്ടുകയായിരുന്നു.
വീട്ടിലുണ്ടായിരുന്ന മരുമകൻ ഉടൻ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്നു രാവിലെ എട്ടോടെ പോലീസെത്തി കൃഷ്ണൻ നായരെ അറസ്റ്റ് ചെയ്തു.
പ്രതിയെ കായംകുളത്തെ കോവിഡ് നിരീക്ഷണ കേന്ദ്രത്തിലാക്കി. മരിച്ച ശ്രീകുമാരപിള്ള വർഷങ്ങളായി എരിക്കാവിലെ ഭാര്യാവീട്ടിൽ ഭാര്യാസഹോദരനോടൊപ്പമാണ് താമസം. രണ്ടു മക്കളുണ്ട്.
ഡിവൈഎസ്പി അലക്സ് ബേബിയുടെ നിർദേശപ്രകാരം തൃക്കുന്നപ്പുഴ സിഐ ആൻ. ജോസ്, ജൂനിയർ എസ്ഐ ജയപ്രകാശ്, ഗ്രേഡ് എസ്ഐ സുനിൽ കുമാർ, എഎസ്ഐ പ്രദീപ്, സിപിഒ ബാബു എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.