അന്പലപ്പുഴ: കണ്ടെയ്ൻമെന്റ് സോണ്‍ വാർഡുകളിൽ അണു നശീകരണ പ്രവർത്തനവുമായി പഞ്ചായത്തംഗം. അന്പലപ്പുഴ വടക്ക് പഞ്ചായത്ത് നാലാം വാർഡ് മെന്പറും സിപിഎം ഏരിയ കമ്മിറ്റിയംഗവുമായ എസ്. ഹാരിസാണ് പഞ്ചാത്തിലെ ഒന്ന്, 2, 12, 16,18 വാർഡുകളിൽ സ്പ്രേയർ ഉപയോഗിച്ച് അണുനശീകരണം നടത്തിയത്.
ആരോഗ്യ വകുപ്പ് കണ്ടെയ്ൻമെന്റ് സോണ്ടായി പ്രഖ്യാപിച്ച ഒന്ന്, 2 , 18 വാർഡുകളിലായി അഞ്ചു പേരിലാണ് കോവിഡ് – 19 സ്ഥിരീകരിച്ചത്. ഇവരുടെ വീടുകൾ, വീട്ടിലേക്കുള്ള റോഡുകൾ, വഴികൾ, രോഗം സ്ഥിരീകരിക്കുന്നതിനു മുന്‍പായി ഇവർ സന്ദർശിച്ച കടകൾ,
സ്ഥാപനങ്ങൾ, ഇവരുമായി സന്പർക്കത്തിലേർപ്പെട്ടവരുടെ വീടുകൾ, ചെമ്മീൻ പീലിംഗ് ഷെഡുകൾ, ഓഫീസുകൾ എന്നിവിടങ്ങളിലാണ് ഇന്നലെ ക്ലോറിനും ലോഷനും ചേർത്തു തയാറാക്കിയ ലായനി ഉപയോഗിച്ച് അണുനശീകരണം നടത്തിയത്.
പഞ്ചായത്തിലെ ഹെൽത്ത് ഇൻസ്പെക്ടറുടെ ചുമതല വഹിക്കുന്ന ശ്യാം ജനാർദ്ദനന്റെ അഭ്യർഥനയെ തുടർന്നാണ് അണുനശീകരണത്തിന് രംഗത്തിറങ്ങിയതെന്ന് ഹാരിസ് പറഞ്ഞു. ആർ. ഉണ്ണിയും സഹായിയായി ഹാരിസിനൊപ്പമുണ്ടായിരുന്നു.