ഇനിയെങ്കിലും നല്ല മൃഗങ്ങളായി ജീവിക്കാന്‍ പഠിക്കൂ മനുഷ്യജീവികളേ! കാരണം ഞങ്ങള്‍ തിന്നാന്‍ വേണ്ടി മാത്രമേ കൊല്ലാറുള്ളു; മൃഗപക്ഷത്തുനിന്ന് നടന്‍ ഹരീഷ് പേരടി പറയുന്നതിങ്ങനെ

മനുഷ്യരേക്കാള്‍ എന്തുകൊണ്ടും ഭേദം മൃഗങ്ങളാണെന്ന് ഇപ്പോഴത്തെ, ഓരോ സംഭവങ്ങള്‍ കേള്‍ക്കുമ്പോഴും ആളുകള്‍ അഭിപ്രയപ്പെടുന്നതാണ്. ഇപ്പോഴിതാ നടന്‍ ഹരീഷ് പേരടി കാര്യകാരണ സഹിതം ഇത് സമര്‍ഥിക്കുന്നു. അതും സാക്ഷാല്‍ ഹനുമാന്റെ വേഷത്തില്‍, നല്ല വാലും താടിയുമൊക്കെ വച്ചുകൊണ്ട് തന്നെ. നമസ്തെ ഇന്ത്യ എന്ന പുതിയ ചിത്രത്തിന്റെ ലൊക്കേഷനായ മണാലിയില്‍ നിന്ന് ഹനുമാന്റെ വേഷത്തില്‍ നില്‍ക്കുന്നതിന്റെ ചിത്രം സഹിതം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് പേരടി മനുഷ്യന്റെയും മൃഗത്തിന്റെയും ചെയ്തികളെ മൃഗപക്ഷത്ത് നിന്നുകൊണ്ട് വിലയിരുത്തുന്നത്. നവാഗതനായ അജയ് സംവിധാനം ചെയ്യുന്ന ചിത്രമാണ് നമസ്തെ ഇന്ത്യ. 2017ലെയും ബി.സി 500ലെയും കഥ പറയുന്ന ചിത്രത്തില്‍ ഹനുമാന്റെ വേഷത്തിലാണ് പേരടി എത്തുന്നത്. മണാലിയില്‍ ഹിമാലയത്തിന്റെ താഴ്വരയാണ് പ്രധാന ലൊക്കേഷന്‍.

 

ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം…
പ്രിയപ്പെട്ട മനുഷ്യ ജീവികളെ…

ഞങ്ങള്‍ മൃഗങ്ങള്‍ക്കിപ്പോഴും മനസിലാവാത്തത് നിങ്ങള്‍ മനുഷ്യന്‍മാര്‍ എന്തിനാണ് മനുഷ്യന്‍മാരെ ഭരിക്കുന്നത് എന്നാണ്. ഞങ്ങള്‍ മൃഗങ്ങള്‍ക്കിടയില്‍ ഒരു ഭരണവുമില്ലാ. നിങ്ങള്‍ ഞങ്ങളെ പറ്റി എഴുതുന്ന കഥകളില്‍ മാത്രമാണ് സിംഹം രാജാവും കുറുക്കന്‍ മന്ത്രിയുമാവുന്നത്. അതൊക്കെ വായിച്ച് ഞങ്ങള്‍ കാട്ടില്‍ കൂട്ടത്തോടെ ചിരിയാണ്…മനുഷ്യന് മാത്രമെ ബുദ്ധിയുള്ളു എന്ന് നിങ്ങളുടെ പ്രസംഗം കേള്‍ക്കുമ്പോളാണ് കാട്ടില്‍ പൊട്ടി ചിരി ഉണ്ടാകാറ്.

ഞങ്ങള്‍ തിന്നാന്‍ വേണ്ടി മാത്രമെ കൊല്ലാറുള്ളു. അല്ലാതെ നിങ്ങളെ പോലെ 51ഉം 61 ഉം വെട്ട് വെട്ടി നിരത്തിമിലിട്ട് പോവാറില്ലാ. ഏറ്റവും വലിയ കോമഡി നിങ്ങള്‍ക്കിടയില്‍ തെറ്റ് ചെയ്തവരെ നിങ്ങള്‍ മൃഗമെ എന്ന് വിളിക്കാറുണ്ടല്ലോ ഞങ്ങള്‍ക്കിടയില്‍ തെറ്റു ചെയ്യാത്തവരെ ഞങ്ങള്‍ മനുഷ്യാ എന്നാണ് വിളിക്കാറ്. ഇനിയെങ്കിലും നല്ല മൃഗങ്ങളായി ജീവിക്കാന്‍ പഠിക്കൂ മനുഷ്യജീവികളെ.

 

 

Related posts