ന്യൂഡല്‍ഹി: കേരളാ മുഖ്യമന്ത്രി പിണറായി വിജയനു വേണ്ടി ലാവ് ലിന്‍ കേസില്‍ വാദിക്കുന്നയാളാണ് സുപ്രിം കോടതിയിലെ തലമുതിര്‍ന്ന് അഭിഭാഷകനായനായ ഹരീഷ് സാല്‍വേ. ഇതേ സാല്‍വെ തന്നെയാണ് അന്താരാഷ്ട്ര തലത്തില്‍ വളരെയേറെ ശ്രദ്ധേയമായ കുല്‍ഭൂഷണ്‍ ജാദവ് കേസില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യന്‍ വാദങ്ങള്‍ വിജയിപ്പിക്കാനായി പോരാടുന്നത്. ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ ഇന്ത്യന്‍ വാദങ്ങള്‍ അക്കമിട്ട് നിരത്തിയ സാല്‍വെ ഇന്ത്യയ്ക്കു മേല്‍ക്കൈ നേടിക്കൊടുക്കുകയും ചെയ്തു. എന്തായാലും രാജ്യതാല്‍പ്പര്യത്തിന് പ്രഥമ പരിഗണന നല്‍കുന്ന അഡ്വ ഹരീഷ് സാല്‍വെ കുല്‍ഭൂഷണ്‍ കേസില്‍ മറ്റൊരു തരത്തിലും വ്യത്യസ്ഥനാവുകയാണ്.
ജാദവിന്റെ വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാജ്യാന്തര കോടതിയില്‍ ഇന്ത്യ നല്‍കിയ ഹര്‍ജി വാദിക്കാനെത്തിയ അഭിഭാഷകന്‍ ഹരീഷ് സാല്‍വെ പ്രതിഫലമായി വാങ്ങുന്നത് കേവലം ഒരു രൂപ മാത്രമാണ്.വിദേശകാര്യമന്ത്രി സുഷമ സ്വരാജാണ് ഇക്കാര്യം ട്വിറ്ററിലൂടെ വ്യക്തമാക്കിയത്. ഹരീഷ് സാല്‍വെ വാങ്ങുന്നതിനേക്കാളും കുറഞ്ഞ പ്രതിഫലത്തില്‍ മറ്റെന്തെങ്കിലും നല്ല അഭിഭാഷകനെ ഇന്ത്യയ്ക്കു ലഭിക്കുമായിരുന്നുവെന്ന് പറഞ്ഞു സഞ്ജീവ് ഗോയല്‍ എന്നയാള്‍ ട്വീറ്റ് ചെയ്തിരുന്നു. അവര്‍ ഹാജരായാലും ഇതേ വാദമുഖങ്ങളാകും ഉന്നയിക്കുകയെന്നും ഇയാള്‍ പറഞ്ഞിരുന്നു. ഇതിനുള്ള മറുപടിയായാണ് സാല്‍വെയുടെ പ്രതിഫലം സംബന്ധിച്ച വിവരങ്ങള്‍ സുഷമ സ്വരാജ് പുറത്തുവിട്ടത്.
ഇന്ത്യയുടെ മികച്ച അറ്റോര്‍ണികളില്‍ ഒരാളാണ് ഹരീഷ് സാല്‍വെ. രാജ്യാന്തര കോടതിയില്‍ കുല്‍ഭൂഷണന്‍ ജാദവിന്റെ വധശിക്ഷ സംബന്ധിച്ച കേസ് വാദിക്കുന്നത് സാല്‍വെയാണ്. ലോകമെമ്പാടുമുള്ള നിയമജ്ഞര്‍ക്കിടയില്‍ സുപരിചിതമായ നാമമാണ് സാല്‍വയുടേത്. സുപ്രീംകോടതിയിലെ ഗര്‍ജ്ജിക്കുന്ന സിംഹമായ ഹരീഷ് സാല്‍വ തോല്‍വികള്‍ അറിയാത്ത കളിക്കാരനാണ്. കോര്‍പ്പറേറ്റുകളുടെ ശീതയുദ്ധങ്ങള്‍ക്കിടിയല്‍ നിന്നും പക്ഷം പിടിച്ച് കേസ് വാദിച്ച് കോടികള്‍ കൊയ്യുന്ന സാല്‍വെ സാധാരണ ഗതിയില്‍ ഫീസിന്റെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ച്ചയില്ലാത്ത വ്യക്തിയാണ് സാല്‍വെ.
എന്നാല്‍, ചില കേസുകളില്‍ ഈ ശീലം തെറ്റിക്കാനും അദ്ദേഹം തയ്യാറായിട്ടുണ്ട്. രാജ്യതാല്‍പ്പര്യം മുന്‍നിര്‍ത്തിയാണ് ഒരു രൂപ മാത്രം പ്രതിഫലം പറ്റി സാല്‍വെ ഹാജരാകുന്നത്. കോര്‍പ്പറേറ്റുകളുടെ സ്വന്തം വക്കീല്‍ എന്ന നിലയിലാണ് ഹരീഷ് സാല്‍വെ ശ്രദ്ധിക്കപ്പെടുന്നത്. കോര്‍പ്പറേറ്റുകള്‍ക്കും ശതകോടീശ്വരന്മാര്‍ക്കും മറ്റ് പ്രമുഖ രാഷ്ട്രീയക്കാര്‍ക്കും വേണ്ടിയാണ് അദ്ദേഹം ഹാജരാകാറ്. ഒരു കേസിനായി ഹാജരാകാന്‍ എത്തുമ്പോള്‍ ഫസ്റ്റ്ക്ലാസ് വിമാനടിക്കറ്റ്, പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ താമസം തുടങ്ങിയ കാര്യങ്ങള്‍ നിര്‍ബന്ധമാണ്. ഫീസ് ചോദിച്ചു വാങ്ങുകയും ചെയ്യും. കോര്‍പ്പറേറ്റുകള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ തീര്‍ക്കുന്ന ഇടനിലക്കാരന്റെ റോളിലും അദ്ദേഹം എത്തിയിട്ടുണ്ട്. ഇതില്‍ സുപ്രധാന കേസ് അംബാനി സഹോദന്മാര്‍ തമ്മിലുള്ള നിയമ യുദ്ധമായിരുന്നു.
ഈ കേസില്‍ മുകേഷ് അംബാനിയുടെ പക്ഷത്തായിരുന്നു ഹരീഷ് സാല്‍വെ. അംബാനിക്ക് നിരവധി സിറ്റിംഗുകള്‍ നടത്തി അദ്ദേഹം. ഇന്ത്യയിലെ അതിസമ്പന്നരായ സഹോദരന്മാര്‍ തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ ഒരു സിറ്റിംഗിന് 30 ലക്ഷം വെച്ച് നിരവധി തവണ അദ്ദേഹം കോടതിയില്‍ ഹാജരായി. ഒടുവില്‍ മുകേഷിനെ വിജയിപ്പിക്കുകയും ചെയ്തു അദ്ദേഹം. ഈ കേസിന് വേണ്ടി മുകേഷ് എറിഞ്ഞത് 200 കോടിയിലേറെ രൂപയാണ്. പത്ത് വര്‍ഷത്തോളം നീണ്ടു നിന്നും ഈ നിയമയുദ്ധം. ഈ കേസിന് വേണ്ടി 15 കോടിയിലേറെ രൂപ ഹരീഷ് സാല്‍വെ വാങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍. കേസില്‍ അനില്‍ അംബാനിക്കായി ഹാജരായ രാംജത്മലാനിയെന്ന മറ്റൊരു മഹാരഥനായിരുന്നു. എന്നാല്‍ ജത് മലാനിയെയും കൊമ്പു കുത്തിച്ചാണ് സാല്‍വെ മുകേഷിന് ജയം നേടിക്കൊടുത്തത്.
വഴിയോരത്ത് കിടന്നയാളെ വണ്ടി കയറ്റിക്കൊന്ന കേസില്‍ സല്‍മാന്‍ ഖാനെ രക്ഷിച്ചെടുത്തതും മറ്റാരുമായിരുന്നില്ല. കേന്ദ്ര സര്‍ക്കാറും വോഡാഫോണും തമ്മിലുള്ള നിയമയുദ്ധവും ഹരീഷ് സാല്‍വയെ പ്രശസ്തനാക്കി. 15000 കോടി രൂപയുടെ ആദായ നികുതി കേസില്‍ നിന്നും വൊഡാഫോണിനെ അനായാസം രക്ഷിച്ചെടുത്തതും സാല്‍വെയും മികവായിരുന്നു. നീരാ റാഡിയ കേസില്‍ രത്തന്‍ ടാറ്റായുടെ വക്കാലത്തുമായെത്തിയതും അദ്ദേഹഹമാണ്. സൈറസ് മിസ്ട്രിക്ക് എതിരായ ടാറ്റായുടെ നിയമ യുദ്ധങ്ങള്‍ക്ക് കടിഞ്ഞാണ്‍ ടാറ്റ ഏല്‍പ്പിച്ചിരിക്കുന്നതും കോര്‍ട്ടിലെ ഈ ഇടിമുഴക്കത്തെയാണ്.
രാജ്യത്തെ നടുക്കിയ ഗുജറാത്ത് കൂട്ടക്കൊലയില്‍ ഇരകളുടെ പക്ഷത്തായിരുന്നു ഹരീഷ് സാല്‍വെ എന്ന അഭിഭാഷകന്‍ നിലകൊണ്ടത്. ഒരു രൂപ പോലും പണം കൈപ്പറ്റാതെ ബില്‍ക്കിസ് ബാനു കേസില്‍ ഇരകള്‍ക്കു വേണ്ടി അദ്ദേഹം വാദിച്ചു. ആ വാദം വെറുതേയായില്ല. ഇരകള്‍ക്ക് നീതി നേടിക്കൊടുത്താണ് അദ്ദേഹം അടങ്ങിയത്. അന്ന് മനുഷ്യസ്‌നേഹിയായ അഭിഭാഷകന്‍ എന്നാണ് അദ്ദേഹത്തെ പലരും വിശേഷിപ്പിച്ചത്. ഇറ്റാലിയന്‍ നാവികര്‍ ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ വെടിവെച്ച് കൊന്ന കേസിലും ഹരീഷ് സാല്‍വെയുടെ നിലപാട് ശ്രദ്ധേയമായിരുന്നു. കേസില്‍ നാവികരെ രക്ഷിക്കാന്‍ കോടികളുമായി ഇറ്റാലിയന്‍ ഉദ്യോഗസ്ഥര്‍ ആദ്യം സമീപിച്ചത് സാര്‍വെയെ ആയിരുന്നു. എന്നാല്‍, വമ്പന്‍ പ്രതിഫലത്തിന് മുമ്പിലും അദ്ദേഹം കുലുങ്ങിയില്ല. കൊല്ലപ്പെട്ടത് സാധുക്കളായ ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ ആയിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. ഇ്ക്കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹം പിന്മാറുകയും ചെയ്തു. നിയമം അരച്ചുകലക്കി കുടിച്ച കുടുംബമാണ് ഹരീഷ് സാല്‍വെയുടേത്. നാഗ്പൂരിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. സാല്‍വേയുടെ മുത്തച്ഛന്‍ ബ്രിട്ടീഷ് ഭരണകാലത്തു മുംബയിലെ പ്രമുഖ അഭിഭാഷകനായിരുന്നു. ഈ പാരമ്പര്യമാണ് സാല്‍വെയ്ക്കുള്ളത്. 1999ല്‍ ഇന്ത്യന്‍ സോളിസിറ്റര്‍ ജനറലായി സ്ഥാനം വഹിച്ചിട്ടുള്ള സാല്‍വെയുടെ രക്തത്തില്‍ നിയമം അലിഞ്ഞു ചേര്‍ന്നിരിക്കുകയാണ്.