മുണ്ടക്കയം: മുറികല്ലുംപുറം ആറ്റോരം നിവാസികളെ ഹാരിസണ്‍ മാനേജ്മെന്റും മുണ്ടക്കയം പോലീസും ചേര്‍ന്ന് ആക്രമിക്കുകയും കള്ളക്കേസുണ്ടാക്കുകയും ചെയ്യുന്നതായി വെല്‍ഫെയര്‍ പാര്‍ട്ടി പൂഞ്ഞാര്‍ നിയോജകമണ്ഡലം പ്രസിഡന്റ് ബൈജു സ്റ്റീഫന്‍, സമരസമിതി ഭാരവാഹികളായ കെ.കെ. ജയമോള്‍, എം.പി. മോളി എന്നിവര്‍ പത്ര സമ്മേളനത്തില്‍ ആരോപിച്ചു.
കോടതി ഉത്തരവ് ലംഘിച്ചു തോട്ടത്തില്‍ റബര്‍തൈ നടാനെത്തിയ മാനേജ്മെന്റ് പ്രതിനിധികളോട് വിവരംപറയാനെത്തിയ പ്രദേശവാസികളെ മുണ്ടക്കയം പോലീസിന്റെ മുന്നില്‍ വച്ച് അസഭ്യം പറയുകയും കൈയേറ്റം ചെയ്തതായും ഇവര്‍ പറഞ്ഞു.
ആറ്റോരം ഭാഗത്ത് മൂന്നുകിലോമീറ്റര്‍ ദൂരത്തില്‍ തോട്ടം മാനേജ്മെന്റിന്റെ ജോലി നിരോധിച്ചു കോടതി ഉത്തരവുണ്ടായിട്ടും ഇത് മറികടന്നാണ് വീണ്ടും ഇവര്‍ ജോലി നടത്താനൊരുങ്ങിയത്. പ്രദേശത്ത് മുമ്പ് സ്ഥാപിച്ച തൈകളും കൈതകൃഷിയും നീക്കാനും ഉത്തരവുണ്ട്.
എന്നാല്‍ ഈ വിധി നടപ്പാക്കാതെയാണ് കഴിഞ്ഞ ദിവസങ്ങളിൽ പോലീസിന്റെ സംരക്ഷണയില്‍ ജോലിക്കെത്തിയത്. കോടതിയലക്ഷ്യം നടത്തിയ മാനേജ്മെന്റിനും പോലീസിനുമെതിരേ ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്യുമെന്നു ഭാരവാഹികള്‍ പറഞ്ഞു.
ഹാരിസണ്തോട്ടത്തിനോട് ചേര്‍ന്ന് ആറ്റോരം ഭാഗത്ത് താമസക്കാരായ 53 കുടുംബങ്ങളും തോട്ടവുമായുളള ഭൂമി തര്‍ക്കം ദീര്‍ഘകാലമായി നിലനില്‍ക്കുകയാണ്.
പ്രശ്നപരിഹാരത്തിനായി 2019 മേയ് 25 മുതല്‍ പ്രദേശവാസികള്‍ രാപ്പകല്‍സമരം നടത്തുകയും ചെയ്തു വന്നിട്ടും പരിഹാരമുണ്ടാക്കാന്‍ അധികാരികള്‍ തയാറാവുന്നില്ല. ജില്ലാ ഭരണകൂടം പ്രശ്നത്തില്‍ ഇടപെട്ടെങ്കിലും തുടര്‍നടപടികള്‍ സ്വീകരിച്ചില്ല.
മിച്ചഭൂമി കൈയേറി കൃഷി നടത്തുന്ന മാനേജ്മെന്റിനെതിരേ നടപടി സ്വീകരിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. പത്രസമ്മേളനത്തില്‍ വെല്‍ഫെയര്‍പാര്‍ട്ടി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ.കെ. ജലാലുദ്ദീന്‍, പാര്‍ട്ടി ജില്ലാ സെക്രട്ടറി അന്‍വര്‍ബാഷ എന്നിവരും പങ്കെടുത്തു.