നായകനും കൂട്ടുകാരനുമായി സൂപ്പർ ഹിറ്റ് സിനിമകൾ സമ്മാനിച്ച താരങ്ങളാണ് ദിലീപും ഹരിശ്രീ അശോകനും. ഇതിൽ കൂടുതൽ സിനിമകളും ഹാസ്യത്തിന് പ്രാധാന്യം നൽകി ഒരുക്കിയിരിക്കുന്ന ചിത്രങ്ങളായിരുന്നു.
ഒന്നിച്ച് അഭിനയിക്കുന്ന സമയത്ത് ദിലീപ് നൽകുന്ന പിന്തുണയെക്കുറിച്ച് ഹരിശ്രീ അശോകൻ ഒരിക്കൽ ഒരഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ വീണ്ടും വൈറലാവുകയാണ്.എന്റെ കരിയറിൽ വലിയൊരു വഴിത്തിരിവായി മാറിയ പാർവതി പരിണയം എന്ന സിനിമയിൽ അവസരം കിട്ടിയത് ദിലീപ് കാരണമാണെന്നു ഹരിശ്രീ അശോകൻ പറയുന്നു.
മലയാള സിനിമയിൽ എനിക്ക് ബ്രേക്ക് കിട്ടിയ ചിത്രമാണ് പാർവതി പരിണയം. ഒരു ഭിക്ഷക്കാരന്റെ വേഷമായിരുന്നു. അതൊരു വലിയ അനുഭവമായിരുന്നു. അന്ന് ഞാൻ ദിലീപ് നായകനായ കൊക്കരക്കോ എന്ന സിനിമയിൽ അഭിനയിച്ച് കൊണ്ടിരിക്കുകയാണ്. സിനിമ മുഴുവനായും ഉള്ള വേഷമാണെനിക്ക്.
അതിനിടെയാണ് പാർവതി പരിണയത്തെക്കുറിച്ച് കേൾക്കുന്നത്. ചിത്രത്തിലൊരു മൂന്ന് സീൻ ഉണ്ട്. ദിലീപ് വഴിയാണ് എനിക്ക് ആ വേഷം വരുന്നത്. ചേട്ടാ, ചേട്ടൻ അത് ചെയ്താൽ നന്നായിരിക്കും. അവര് വേറെ ആരെയോ പ്ലാൻ ചെയ്തിട്ടുണ്ട്. ഞാൻ പറഞ്ഞിട്ടാണ് ചേട്ടന് ആ സീൻ അവർ തരുന്നത് എന്നൊക്കെ ദിലീപ് പറഞ്ഞു.
ഞങ്ങൾ ഒന്നിച്ച് അഭിനയിക്കുന്പോഴും ദിലീപ് അങ്ങനെയാണ്. അശോകൻ ചേട്ടന്റെ സീനാണ്. കലക്കിക്കോണം തുടങ്ങി ഇങ്ങനെയൊക്കെ പറയുന്ന ഒരു നടനെ ഞാൻ കണ്ടിട്ടേയില്ല. നമ്മളെ അദ്ദേഹം പ്രമോട്ട് ചെയ്യും. പക്ഷേ പാർവതി പരിണയത്തിൽ അഭിനയിക്കാൻ പോകില്ലെന്ന് ഞാൻ പറഞ്ഞു. കാരണം മൂന്ന് സീൻ അല്ലേ ഉള്ളു. അതൊന്നും ചെയ്തിട്ട് കാര്യമില്ല. ഈ ചിത്രത്തിൽ മുഴുനീള കഥാപാത്രമാണ്.
അന്നത്തെ അറിയാൻ പാടില്ലാത്ത തോന്നലുകളാണ് അതൊക്കെ. ഒടുവിൽ ദിലീപിന്റെ നിർബന്ധപ്രകാരം ഞാനവിടെ ചെന്നു. വിശ്വംഭരൻ സാർ പറഞ്ഞു, ഭിക്ഷക്കാരന്റെ വേഷമാണ് നിനക്ക്, പാവപ്പെട്ടവനാണ് എന്തെങ്കിലും തരണേ എന്നേ ഡയലോഗുള്ളു. എന്തെങ്കിലും ഡയലോഗ് കൂടി അതിൽ പറഞ്ഞോട്ടേ എന്ന് ഞാൻ ചോദിച്ചു.
എന്ത് വേണേലും പറഞ്ഞോളു. വന്ന് ഡബ്ബ് ചെയ്ത് തന്നാൽ മതിയെന്നായി അവരും. അങ്ങനെ ഷോട്ട് എടുക്കുന്ന സമയത്ത് ഞങ്ങടെ അടുത്തുള്ള ഒരു പള്ളിയുടെ അടുത്തുള്ള ഒരു ഭിക്ഷക്കാരൻ എപ്പോഴും പറയാറുള്ള കാര്യം എന്റെ മനസിലേക്ക് വന്നു. കൈകാൽ ആവതില്ലാത്തവനാണ്് ദൈവമേ, എന്തെങ്കിലും തരണേ… അമ്മാ… അമ്മോ… അമ്മഹമ്മ ഹമ്മാ… എന്ന് തുടങ്ങുന്ന ഡയലോഗ് ആണ് പറഞ്ഞത്.
അത് കേട്ട് സെറ്റിലുണ്ടായിരുന്ന എല്ലാവരും ചിരിച്ച് ചിരിച്ച് നിലത്ത് വീണു, അങ്ങനെ ആ സീൻ വലുതാക്കി മൂന്നെണ്ണത്തിൽ നിന്നു പന്ത്രണ്ട് സീനാക്കി മാറ്റി. പോസ്റ്ററിൽ വരെ എന്റെ ഫോട്ടോ വരുന്നത് ആ സിനിമയിലാണ്. ആ സിനിമ അന്പത് ദിവസം വരെ ഓടി- ഹരിശ്രീ അശോകൻ പറഞ്ഞു.
-പിജി