അർജുൻ അശോകന്റെ കരിയറിലെ മികച്ച പ്രകടനമാണ് ‘ഭ്രമയുഗ’ത്തിലേതെന്ന് ഹരിശ്രീ അശോകൻ. സിനിമ കണ്ട ശേഷം മകന്റെ അഭിനയം കണ്ട് അത്ഭുതം തോന്നിയെന്നും മമ്മൂട്ടിയുടെ വ്യത്യസ്ത കഥാപാത്രങ്ങൾ തിരഞ്ഞെടുക്കാനുള്ള മനസിനെ സമ്മതിക്കണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
‘തീർച്ചയായിട്ടും മകന്റെ ബ്രേക്ക് തന്നെയാണ്. മമ്മൂക്കയ്ക്കൊപ്പം അവന് നിൽക്കാൻ പറ്റില്ല. എല്ലാവരും നന്നായി അഭിനയിച്ചിട്ടുണ്ട്. മൂന്നോ നാലോ കഥാപാത്രങ്ങളെ വച്ച് ഇത്രയും ഗംഭീരമായ പടം ഉണ്ടാക്കുക എന്ന് പറഞ്ഞാൽ ഭയങ്കര സംഭവമാണ്. ഓരോന്ന് പ്രത്യേകിച്ച് എടുത്ത് പറയേണ്ടതില്ല. എല്ലാം ഗംഭീരമായി ചെയ്തിട്ടുണ്ട്.
അർജുനെ ഓർത്ത് അഭിമാനം തോന്നുന്നു. ഇത്രയും നല്ലൊരു വേഷം ഗംഭീരമായിട്ട് ചെയ്തതിൽ എനിക്ക് അത്ഭുതം തോന്നുകയാണ്. കൊടുത്ത വേഷം നന്നായി ചെയ്തു. മകൻ മാത്രമല്ല എല്ലാവരും നന്നായി ചെയ്തു.
സംവിധാനവും തിരക്കഥയും സംഭാഷണവും പൊളിച്ചു. ആർട് ഒക്കെ ഗംഭീരം. മൂന്നോ നാലോ ആളുകളെ വച്ച് ഇങ്ങനെയൊരു ബ്രഹ്മാണ്ഡ ചിത്രം ഉണ്ടാക്കുക നടക്കുന്ന കാര്യമല്ല. ഇങ്ങനെയൊരു സബ്ജക്ടിന് മമ്മൂക്ക ഓക്കെ പറഞ്ഞിട്ടാണ് ഇവരൊക്കെ ഉണ്ടായത്. സമ്മതിക്കണം മമ്മൂക്കയെ. മമ്മൂക്ക പൊളിച്ചിട്ടുണ്ട്. അദ്ദേഹം ഇപ്പോൾ ഭയങ്കര വെറൈറ്റി അല്ലേ ചെയ്യുന്നത്.
കാതൽ പോലുള്ള സിനിമകൾ, ഇത്തരം വ്യത്യസ്ത കഥാപാത്രങ്ങൾ തിരഞ്ഞെടുക്കാനുള്ള മനസിനെ സമ്മതിക്കണം. അതാണ് യഥാർഥ ആർട്ടിസ്റ്റ്. അതുകൊണ്ടാണല്ലോ ഇവർക്കും അവസരം ലഭിച്ചത്’ ഹരിശ്രീ അശോകൻ പറഞ്ഞു.
അതേസമയം പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ് മമ്മൂട്ടിയുടെ ഭ്രമയുഗം. സൂപ്പർസ്റ്റാറായി നിൽക്കുന്ന മമ്മൂട്ടി ഇങ്ങനെയൊരു വേഷത്തിന് സമ്മതം മൂളിയതാണ് തങ്ങളെ അതിശയിപ്പിക്കുന്നതെന്നതാണ് സിനിമ കണ്ടിറങ്ങുന്നവർ ചോദിക്കുന്നത്.