ഫേസ്ബുക്കില്‍ ഭാര്യയുടെ ക്രൂരതകള്‍ ലൈവായി ഇട്ടശേഷം ആത്മഹത്യ ചെയ്ത തിരുവല്ലം സ്വദേശി ഹരിശ്രീയുടെ ആത്മഹത്യയ്ക്ക് പിന്നില്‍ പലവിധ കാരണങ്ങള്‍. ഭാര്യയുടെ ക്രൂരതകളാണ് മരണത്തിലേക്ക് നയിച്ചതെന്ന് പറയുന്ന ഇയാള്‍ താന്‍ കൂട്ടുകാരന്റെ ഭാര്യയെ സ്വന്തമാക്കുകയായിരുന്നു എന്ന വെളിപ്പെടുത്തലും നടത്തുന്നുണ്ട്.
ഭാര്യയുടെയും സഹോദരിയുടെയും ഭാര്യാ പിതാവിന്റെയും പീഡനത്തില്‍ മനം മടുത്ത് താന്‍ ആത്മഹത്യ ചെയ്യുമെന്ന് ഫേസ്ബുക്ക് വീഡിയോയിലൂടെ അറിയിച്ച ശേഷമായിരുന്നു ഹരി ആത്മഹത്യ ചെയ്തത്. പുലര്‍ച്ചയോടെ ആറ്റുകാലുള്ള ഭാര്യവീടിനു മുന്നിലാണ് ഇയാളെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ഹരിയുടെ ഭാര്യ ആശാ റാണിക്കും ഭാര്യാസഹോദരിക്കും ഭാര്യാപിതാവിനും എതിരെ ആരോപണങ്ങള്‍ മുഴക്കുന്നതാണ് ഈ വീഡിയോ ഇവര്‍ കാരണം താന്‍ ആത്മഹത്യ ചെയ്യും എന്നാണ് വീഡിയോയില്‍ ഹരി പറയുന്നത്. തന്റെ ഭാര്യ തന്നെ മര്‍ദ്ദിക്കുന്ന വീഡിയോയും ഹരി പോസ്റ്റ് ചെയ്തിരുന്നു. സുഹൃത്തുക്കളും ബന്ധുക്കളും പിന്തിരിപ്പിക്കാന് ശ്രമിച്ചെങ്കിലും ഇതിനൊന്നും വഴങ്ങാതെ ഓട്ടോ ഡ്രൈവര്‍ ആയ ഹരി ഭാര്യ വീട്ടില്‍ എത്തി തൂങ്ങി മരിക്കുകയായിരുന്നു.
നേരത്തെ വിവാഹിതയായ ഒരു പെണ്‍കുട്ടിയെയാണ് ഹരി വിവാഹം ചെയ്തത്. ആ ബന്ധത്തില്‍ ഭാര്യയ്ക്ക് ഒരു കുട്ടിയുമുണ്ട്. മുന്‍ ഭര്‍ത്താവുമായി ഭാര്യ വീണ്ടും ബന്ധം പുലര്‍ത്തുന്നതില്‍ ഹരി അസ്വസ്ഥനായിരുന്നുവെന്നാണ് സൂചന. മാത്രമല്ല മറ്റു പലരുമായും ഭാര്യയ്ക്ക് ബന്ധമുണ്ടെന്ന് ഹരി സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. ഇതിനിടയില്‍ പീഡനം ആരോപിച്ച് ഭാര്യ ഹരിക്കെതിരെ തിരുവനന്തപുരം ഫോര്‍ട്ട് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഈ പരാതിയുടെ പേരില്‍ ഫോര്‍ട്ട് പോലീസ് ഹരിയെ വിളിച്ച് വിരട്ടിയിരുന്നു. ഇതിന്നൊടുവിലാണ് ഹരി ആത്മഹത്യാ ഭീഷണി മുഴക്കുകയും ജീവിതം അവസാനിപ്പിക്കുകയും ചെയ്തത്.