കൊല്ലം :പൂര്‍ണമായും ഹരിതചട്ടം പാലിച്ചാകും ഇത്തവണ ലോക്സഭാ തിരഞ്ഞെടുപ്പ് നടത്തുകയെന്ന് വരണാധികാരിയായ ജില്ലാ കളക്ടര്‍ ഡോ. എസ്. കാര്ത്തികേയന് പറഞ്ഞു. ജില്ലയിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഇക്കാര്യത്തില്‍ ഉറപ്പ് നല്‍കിയതായും അദ്ദേഹം വ്യക്തമാക്കി. കലക്ട്രേറ്റില്‍ ചേര്‍ന്ന തിരഞ്ഞെടുപ്പ് യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കലക്ട്രേറ്റില്‍ നടത്തിയ ആദ്യ യോഗത്തില്‍ പങ്കെടുവിവിധ രാഷ്ട്രീയ സംഘടനാ പ്രതിനിധികള്‍ തിരഞ്ഞെടുപ്പില്‍ ഹരിതചട്ടം പാലിക്കുന്നതിന് എല്ലാ പിന്തുണയും അറിയിച്ചു. പ്രചാരണ വസ്തുക്കളായി ഫ്ളെക്സുകള്‍, ബാനറുകള്‍ തുടങ്ങി ഗ്ലാസും പ്ലേറ്റും ഉള്‍പ്പടെ പ്ലാസ്റ്റിക് രഹിതമാക്കാനാണ് കളക്ടര്‍ നിര്‍ദ്ദേശിച്ചത്.
ഇതുമായി ബന്ധപ്പെട്ട് ഓരോ രാഷ്ട്രീയകക്ഷിയുടേയും ജില്ലാ നേതൃത്വം രേഖാമൂലമുള്ള അറിയിപ്പ് താഴെത്തട്ടിലേക്ക് നല്‍കണം. ബൂത്ത്തലത്തില്‍ തുടങ്ങി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളിലും ഹരിതചട്ടം പാലിക്കുന്നുവെന്ന് ഉറപ്പ് വരുത്തുകയും വേണം – കളക്ടര്‍ ആവശ്യപ്പെട്ടു.
തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളിലെല്ലാം നിര്‍ദ്ദേശമനുസരിച്ചുള്ള പ്രവര്‍ത്തനം നടത്തുമെന്ന് കക്ഷിനേതാക്കള്‍ യോഗത്തില്‍ അറിയിച്ചു. പ്രകൃതി സൗഹൃദ വസ്തുക്കളുടെ ഉപയോഗം മാത്രം പ്രോത്സാഹിപ്പിക്കാനും ഉറപ്പാക്കാനുമാണ് തീരുമാനം.
തുണിയിലുള്ള ബാനറുകളും കടലാസ് പോസ്റ്ററുകളും ഉപയോഗിക്കുക വഴി പരിസ്ഥിതിക്ക് കോട്ടം വരുത്താതെയുള്ള തിരഞ്ഞെടുപ്പ് സാധ്യമാക്കാനാകുമെന്നും അവര്‍ വിശദീകരിച്ചു. ഇതിനായുള്ള പ്രവര്‍ത്തനം തുടക്കം മുതല്‍ നടത്താനുള്ള സന്നദ്ധതയും അറിയിച്ചു.