തളിപ്പറമ്പ്: അഞ്ഞൂറിലേറെ അപൂര്‍വ നാട്ടുമരുന്നുകള്‍, പന്ത്രണ്ടിനം വാഴകള്‍, എട്ട് വ്യത്യസ്ത പ്ലാവിനങ്ങള്‍, പന്ത്രണ്ടിനം തുളസികള്‍, ഇതോടൊപ്പം മാവും കവുങ്ങും തെങ്ങും നെല്ലും പച്ചക്കറികളും. ഇത് കീഴല്ലൂരിലെ കെ.കെ. ഭാര്‍ഗവന്റെ ഹരിതഗ്രാമം. സ്വന്തം വീടിന് അദ്ദേഹമിട്ട പേരാണ് ഹരിതഗ്രാമം.
പറശിനിക്കടവ് കോള്‍മൊട്ടയില്‍ കച്ചവടക്കാരനായ ഭാര്‍ഗവന്റെ ഹരിതഗ്രാമത്തിലേക്ക് കൃഷിയെ സ്നേഹിക്കുന്ന ആയിരത്തിലേറെ ആളുകള്‍ ഇതിനകം സന്ദര്‍ശനം നടത്തിക്കഴിഞ്ഞു. വിവിധ കോളജുകളില്‍ നിന്നായി സസ്യശാസ്ത്ര വിദ്യാര്‍ഥികളും അധ്യാപകരും ഇപ്പോഴും നിത്യേനയെന്നോണം ഇവിടെ എത്തിക്കൊണ്ടിരിക്കുന്നു. കോടല്ലൂരിലെ തന്റെ വീടിനു സമീപത്തുകൂടി പോകുന്ന ഗ്രാമീണറോഡരികുകൾ പോലും ഭാര്ഗവന് ഹരിതാഭമാക്കിയിരിക്കുകയാണ്.
വീട് നില്ക്കുന്ന 1.18 ഏക്കര്‍ പുരയിടം മുഴുവനും കൃഷിയാണ്. അതോടൊപ്പം കനാല്‍റോഡിന്റെ ഇരുവശങ്ങളിലുമായി ഒരേക്കറോളം സ്ഥലവും കൃഷിചെയ്യാന്‍ ഉപയോഗപ്പെടുത്തുന്നു. രാസവളങ്ങള്‍ ഒരു തരിപോലും ഉപയോഗിക്കാത്ത കൃഷിയിടത്തില്‍ കാലിവളവും കോഴിവളവും മാത്രമാണ് ഉപയോഗിക്കുന്നത്. വിവിധയിനം ഇലച്ചെടികളുടെ വിപുലമായ ശേഖരവും ഭാര്‍ഗവന്റെ പുരയിടത്തിലുണ്ട്.
എല്ലാ ദിവസവും പത്തോളം വ്യത്യസ്ത ഇലകളാണ് ചമ്മന്തിയായും തോരനായും ഭക്ഷണത്തിന് ഉപയോഗിക്കുന്നത്. കള പറിക്കലോ കൃഷിയിടം വൃത്തിയാക്കലോ ഇവിടെയില്ല. മുള്ളുകള്‍ മാത്രം പറിച്ചുനീക്കിയ ശേഷം ചെടികളെ അവയുടെ ഇഷ്ടത്തില്‍ വളരാന്‍ അനുവദിക്കുന്നതാണ് ഹരിതഗ്രാമത്തിലെ രീതി. കള എന്നൊന്നില്ലെന്നാണ് ഇദ്ദേഹത്തിന്റെ അഭിപ്രായം. എല്ലാ ചെടികളും വളരട്ടെ നമുക്കാവശ്യമുള്ളവ മാത്രം ഉപയോഗിക്കുക എന്ന കാഴ്ചപ്പാടും ഇദ്ദേഹത്തെ വ്യത്യസ്തനാക്കുന്നു.
20 വര്‍ഷം മുമ്പായി കോടല്ലൂരില്‍ കൃഷിയിടം ഒരുക്കുമ്പോള്‍ തുടങ്ങിയ ഈ രീതി വിടാതെ ഇപ്പോഴും പിന്തുടരുകയാണ് ഭാർഗവൻ. കൃഷിയാരംഭിച്ച കാലത്തു തുടങ്ങിയ രീതി മാറ്റമില്ലാതെ തുടരുന്നത് പ്രയോജനപ്രദമാണെന്ന് സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തിൽ ഈ ജൈവകർഷകൻ പറയുന്നു.
ഹൈബ്രിഡ് ഇനങ്ങളെ തേടിപ്പോകാതെ പൂര്‍ണമായും നാടന്‍ വിത്തിനങ്ങളാണ് ഇദ്ദേഹം ഉപയോഗിക്കുന്നത്. പ്രതിവര്‍ഷം നാടന്‍ ഇനത്തില്‍പെട്ട രണ്ട് ക്വിന്റൽ കൂവയും മൂന്ന് ക്വിന്റൽ നാടന്‍ മഞ്ഞളും ഹരിത ഗ്രാമത്തില്‍ നിന്നും വിളവെടുക്കുന്നുണ്ട്.
ഒരാളുയരത്തില്‍ വളര്‍ന്നു നില്ക്കുന്ന നാടന്‍മഞ്ഞള്‍ ഇതിന് തെളിവാണ്. നാടന്‍ കന്നുകളുപയോഗിച്ച് കൃഷിചെയ്യുന്ന വാഴകള്‍ക്കൊന്നും യാതൊരുവിധ രോഗങ്ങളും ഇതുവരെ ബാധിച്ചില്ലെന്ന് പറയുന്ന ഭാര്ഗവന് ആകെ ശല്യം ചെയ്യുന്നത് കുരങ്ങുകള്‍ മാത്രമാണെന്നാണ് പരാതിപ്പെടുന്നത്. എന്നാല്‍ അവയെ ദ്രോഹിക്കാതെ തന്നെ മറ്റുവിധത്തില്‍ ഓടിച്ചുവിടും.
കീടങ്ങൾ പെരുകാൻ കാരണം കൃഷിയിടത്തിലെയും അല്ലാത്തതുമായ പല നാട്ടുചെടികളുടെയും നാശമാണെന്ന് ഇദ്ദേഹം പറയുന്നു. കീടങ്ങളെയും മറ്റും പ്രതിരോധിക്കാൻ പ്രകൃതി തന്ന നിരവധി സസ്യജാലങ്ങളെ സൃഷ്ടിച്ചിട്ടുണ്ട്. ആധുനീകവത്കരണത്തിൽ അറിഞ്ഞും അറിയാതെയും ഇവ നാശത്തിലേക്കു നീങ്ങിയതിനൊപ്പം കീടങ്ങളും പെരുകി.
ശീമക്കൊന്നയും കമ്യൂണിസ്റ്റ്പച്ചയും തകരയും ഉള്‍പ്പെടെ നിരവധി നാടൻ ചെടികളുടെ കുറവ് പാരിസ്ഥിതിക സന്തുലനത്തെ പോലും ബാധിച്ചിട്ടുണ്ടെന്നും ഇദ്ദേഹം പറയുന്നു. ഇത്തരം ചെടികൾ തന്റെ ഹരിതഗ്രാമത്തിൽ വളർത്തി സംരക്ഷിക്കുന്നതിലും വ്യാപൃതനാണ് ഈ പ്രകൃതി സ്നേഹി. തൊഴിലുറപ്പ് പദ്ധതിയുടെ പേരിൽ ദീർഘവീക്ഷണമില്ലാതെ കുറ്റിക്കാടുകളും മറ്റും വെട്ടിനിരത്തുന്നതും കാര്‍ഷിക മേഖലയെ ഭാവിയില്‍ ദോഷകരമായി ബാധിക്കുമെന്ന് ഭാര്ഗവന് പറയുന്നു.
നിരവധി കാര്‍ഷിക പുരസ്കാരങ്ങള്‍ക്ക് അര്‍ഹനായ ഇദ്ദേഹം ആധുനിക കൃഷിരീതികളെ ചോദ്യം ചെയ്യുന്നില്ലെങ്കിലും കര്‍ഷകനായ പിതാവില്‍ നിന്നും പകര്‍ന്നുകിട്ടിയ പരമ്പരാഗത കാര്‍ഷിക അറിവുകളിലൂന്നിയുള്ള കൃഷിരീതിയോടാണ് പ്രിയം. അവകാശവാദങ്ങളൊന്നുമില്ലെങ്കിലും നിലവിലുള്ള രീതിയില്‍ അങ്ങേയറ്റം സംതൃപ്തനാണെന്നു പറയുന്ന ഭാര്ഗവന് ഹരിതഗ്രാമം കൂടുതല്‍ വിപുലീകരിക്കാനുള്ള തയാറെടുപ്പിലാണ്. ഫോണ്‍: 9745362376.