പയ്യന്നൂർ: മഴ തുടങ്ങിയതോടെ പയ്യന്നൂരിൽ ചില കൗതുക കാഴ്ചകൾ തളിർത്തു തുടങ്ങി. പയ്യന്നൂർ പോലീസ് മൈതാനിയിലാണ് നിറയെ പച്ചപ്പുള്ള ഈ കാഴ്ചയുള്ളത്. വിവിധ കേസുകളിൽപ്പെട്ട് പോലീസ് പിടികൂടിയ വാഹനങ്ങളാണ് ഇവിടെ വർഷങ്ങളായി കുന്നുകൂട്ടിയിരുന്നത്. എന്നാൽ, മഴ കനത്തതോടെ ഇവയെ കാണാത്ത രീതിയിൽ മൂടിയിരിക്കുകയാണ് ചെടികളും വള്ളിപടർപ്പുകളും.സ്വാതന്ത്ര സമരത്തിന്റെ ആവേശം സിരകളിൽ പടർത്തിയ പയ്യന്നൂർ പോലീസ് മൈതാനിക്കാണ് അവഗണനയുടെ ഈ ഹരിതകാഴ്ചയുള്ളത്.
പോലീസ് മൈതാനിയെ സ്വാതന്ത്ര്യ സമര സ്മാരകമാക്കി നിലനിർത്തണമെന്ന ചരിത്ര സ്നേഹികളുടെ മുറവിളി ഇടക്കിടെ ഉയർന്നിരുന്നു. സ്മാരകമാക്കുന്നതിന് നടപടിയെടുക്കുമെന്ന പ്രഖ്യാപനവും പലവട്ടം കേട്ടതല്ലാതെ ഇതുവരെ നടപടിയുണ്ടായില്ല. ഇരുചക്ര വാഹനങ്ങൾ മുതൽ വലിയ ലോറികളും വള്ളങ്ങളുമുൾപ്പെടെ ഇരുന്നൂറോളം വാഹനങ്ങൾ പോലീസ് മൈതാനി കീഴടക്കിയതോടെ ഇവിടെ പതിവായി നടത്തിക്കൊണ്ടിരുന്ന വിവിധ പരിപാടികളും പടിയിറങ്ങി.
മതിൽകെട്ടും ഗേറ്റുമൊക്കെയുണ്ടെങ്കിലും പോലീസിന്റെ ശ്രദ്ധയെത്താത്തതിനാൽ ഇതിനകത്തെ വാഹനങ്ങളുടെ ബാറ്ററികൾവരെ മോഷ്ടിക്കപ്പെട്ട സംഭവങ്ങളുമുണ്ടായി. സംസ്ഥാനത്തെ മറ്റു സ്റ്റേഷനുകളിലുമുള്ള ഇത്തരം അവസ്ഥ ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് വാഹനങ്ങൾ ലേലം ചെയ്തു കൊടുക്കുവാനുള്ള സർക്കാർ തീരുമാന പ്രകാരം 2014 ജൂണ് വരെ 37,914 വാഹനങ്ങൾ ലേലം ചെയ്തു കൊടുക്കുകയുമുണ്ടായി. പക്ഷേ അപ്പോഴും പയ്യന്നൂരിലെ ഒരു വാഹനം പോലും ലേലം ചെയ്യാനായില്ല.
വിഷയം നിയമസഭയിലുയർന്നപ്പോൾ വിവിധ പോലീസ് സ്റ്റേഷനുകളിലും എക്സൈസ്, റവന്യൂ എന്നിവിടങ്ങളിലുമായി 28,888 വാഹനങ്ങൾ നീക്കം ചെയ്യാനുണ്ടെന്നും സംസ്ഥാന ചീഫ് സെക്രട്ടറിയെ അധ്യക്ഷനാക്കി രൂപീകരിച്ച കമ്മിറ്റി തുടർ നടപടികൾ സ്വീകരിക്കുമെന്നും അന്നത്തെ മുഖ്യമന്ത്രി നിയമസഭയിലും പറഞ്ഞു. ഇതേ തുടർന്ന് നാഥനില്ലാതെ കിടക്കുന്ന വാഹനങ്ങളുടെ കൃത്യമായ കണക്കെടുക്കാനുള്ള ഉത്തരവുണ്ടായി. ഉടമകളില്ലാത്ത വാഹനങ്ങളുടെ ചേസിസ് നന്പരും എൻജിൻ നന്പരുമെടുത്ത് ആർടിഎ യുടെ സഹായത്തോടെ ദിവസങ്ങളെടുത്താണ് ഉടമകളെ കണ്ടെത്തിയത്.
ഉടമകൾക്ക് നോട്ടീസയച്ചിട്ടും പ്രതികരണമില്ലാതെ വന്നപ്പോൾ ഒരുമാസത്തിനുള്ളിൽ ഈ വാഹനങ്ങൾ ലേലം ചെയ്യുമെന്ന് മാധ്യമങ്ങളിലൂടെ അറിയിച്ചു.പിടികൂടിയ വാഹനങ്ങൾ പിഴയടച്ച് ഉടമ തിരിച്ചെടുക്കുന്നില്ലെങ്കിൽ ലേലം ചെയ്ത് കിട്ടുന്ന തുക സർക്കാരിലേക്ക് കണ്ടുകെട്ടണമെന്നാണ് വ്യവസ്ഥ. വാഹനങ്ങൾ ലേലം ചെയ്യുന്നതിലൂടെ സർക്കാർ ഖജനാവിലേക്ക് കോടികൾ ലഭിക്കുമെങ്കിലും എണ്ണിതിട്ടപ്പെടുത്തി നടപടികൾ പൂർത്തീകരിച്ച് നന്പറിട്ട വാഹനങ്ങളിലെ 34 ഇരുചക്ര വാഹനങ്ങളുടെ ലേലം മാത്രമാണ് പയ്യന്നൂരിൽ നടന്നത്.
മറ്റുവാഹനങ്ങളുടെ കാര്യത്തിലുള്ള അനിശ്ചിതത്വം തുടരുന്നതിനിടയിൽ മഴയെത്തിയതോടെയാണ് വാഹനങ്ങളിൽ കാടുകൾ കയറാനും തുടങ്ങിയിരിക്കുന്നത്. പെരിങ്ങോത്തെ പത്തേക്കർ വിസ്തൃതിയുള്ള സർക്കാർ ഭൂമിയിലേക്ക് ഈ വാഹനങ്ങൾ മാറ്റിയാൽ ചരിത്രമുറങ്ങുന്ന പോലീസ് മൈതാനിയെ മോചിപ്പിക്കാനും പയ്യന്നൂരിന്റെ വിവിധ സാംസ്കാരിക പരിപാടികൾക്ക് വേദിയാക്കി പഴയ പെരുമ വീണ്ടെടുക്കാനും സാധിക്കും.
പെരിങ്ങോത്തെ സർക്കാർ ഭൂമിക്ക് ചുറ്റുമതിൽകെട്ടി സംരക്ഷിക്കുന്നതിനുള്ള ചെലവു വഹിക്കാൻ തയാറായി പയ്യന്നൂരിലെ ചില സംഘടനകൾ മുന്നോട്ടു വന്നിട്ടും അവർക്കതിനുള്ള അനുമതി നൽകാനും ആളില്ലാത്ത അവസ്ഥയാണ്. അതിനിടയിലാണ് പോലീസ് മൈതാനിയിൽ തുരുന്പെടുക്കുന്ന വാഹനങ്ങളിൽ കാടുകയറി പച്ചപ്പണിയിച്ചിരിക്കുന്നത്.
തളിപ്പറന്പ് സിഐയുടെ ശ്രമഫലമായി തളിപ്പറന്പ് കുറുമാത്തൂർ പൊക്കുണ്ടിന് സമീപം സർക്കാരിൽ നന്നുമനുവദിച്ചു കിട്ടിയ രണ്ടേക്കർ സ്ഥലത്ത് രണ്ടായിരത്തോളം വാഹനങ്ങൾ കയറ്റിയിടാൻ സാധിക്കുമെന്നാണ് കണക്കു കൂട്ടുന്നത്. പയ്യന്നൂർ പോലീസ് മൈതാനിയിലുള്ള വാഹനങ്ങൾ ഇവിടേക്ക് മാറ്റുന്നതിനുള്ള അനുമതി ലഭിച്ചാൽ പോലീസ് മൈതാനിക്ക് ശാപമോക്ഷം ലഭിക്കാൻ വഴിയൊരുക്കാമെന്നതാണ് മറ്റൊരു നിർദ്ദേശം.
പയ്യന്നൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ വാഹനങ്ങൾ സൂക്ഷിക്കാൻ അനുയോജ്യമായ സ്ഥലങ്ങൾ കുറവാണെങ്കിലും സമീപ പഞ്ചായത്തുകളിലെ സർക്കാർ ഭൂമി ഇതിനായി വിട്ടുനൽകിയാലും വാഹനങ്ങൾ അവിടേക്ക് മാറ്റാൻ കഴിയും.പോലീസ് മൈതാനിയും പോലീസ് സ്റ്റേഷൻ പരിസരവും കേസുകളിൽപെട്ട വാഹനങ്ങളാൽ നിറഞ്ഞു കവിഞ്ഞിരിക്കുന്ന സാഹചര്യത്തിൽ അടിയന്തിരമായ നടപടി ഇക്കാര്യത്തിൽ വേണമെന്ന ആവശ്യം ശക്തമാണ്.