കോഴിക്കോട്: എംഎസ്എഫ് നേതാക്കള്‍ ‘ഹരിത’യിലെ വിദ്യാര്‍ഥിനികളോട് സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയെന്ന കേസില്‍ മൊഴിയെടുക്കല്‍ അവസാന ഘട്ടത്തില്‍. പരാതിക്കാരായ യുവതികള്‍ വിവിധ സ്ഥലങ്ങളിലായതിനാല്‍ മൊഴി രേഖപ്പെടുത്തുന്നതില്‍ കാലതാമസം നേരിട്ടിരുന്നു.
അതേസമയം വനിതാ കമ്മീഷനില്‍ പരാതി നല്കിയവര് ഇതേകാര്യങ്ങള്‍ തന്നെ പോലീസിന് മുമ്പാകെയും മൊഴിയായി നല്‍കിയിട്ടുണ്ട്. സമ്മര്ദ്ധമുണ്ടെങ്കിലും പരാതിയില്‍ നിന്ന് പിന്മാറില്ലെന്നും നിയമനടപടികളുമായി മുന്നോട്ടു പോവുമെന്നും ഹരിതനേതാക്കള്‍ വ്യക്തമാക്കി.
ചെമ്മങ്ങാട് ഇന്‍സ്പെക്ടര്‍ അനിതകുമാരിക്കാണ് അന്വേഷണ ചുമതലയുള്ളത്.സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ്, മലപ്പുറം ജില്ല ജനറല്‍ സെക്രട്ടറി വി. അബ്ദുല്‍ വഹാബ് എന്നിവര്‍ക്കെതിരെ ഐപിസി 354 എ (നാല്) -സ്ത്രീകളോട് ലൈംഗിക ചുവയോടെയുള്ള സംസാരം, ഐപിസി 509 -സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരം വെള്ളയില്‍ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
തുടര്‍ന്ന് അന്വേഷണത്തിന് വനിത ഇന്‍സ്പെക്ടറെ നിയോഗിക്കുകയായിരുന്നു. എംഎസ്എഫ് സംസ്ഥാന പ്രസിഡന്റടക്കമുള്ളവര്‍ ലൈംഗികമായി അധിക്ഷേപിച്ചെന്ന് കാണിച്ച് “ഹരിത’ നല്കിയ പരാതി വനിത കമ്മീഷന് പോലീസിന് കൈമാറിയതോടെയാണ് സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്.
അതേസമയം ഹരിതയെ കാമ്പസുകളില്‍ മാത്രമായി ഒതുക്കാനുള്ള നീക്കവും ശക്തമാണ്. നിലവില്‍ ഹരിതയുടെ പ്രവര്‍ത്തനം ലീഗ് നേതൃത്വം ഇടപെട്ട് മരവിപ്പിച്ചിരിക്കുകയാണ്. കാമ്പസുകള്‍ക്ക് പുറത്ത് ഹരിതയുടെ ഇടപെടലുകള്‍ പാര്‍ട്ടിയെ ബാധിച്ചിട്ടുണ്ട്.
ഈ സാഹചര്യത്തിലാണ് സംസ്ഥാന ജില്ലാ കമ്മിറ്റികള്‍ ഒഴിവാക്കി കാമ്പസില്‍ മാത്രമാക്കി മാറ്റാന്‍ ആലോചന നടക്കുന്നത്. അതേസമയം എംഎസ്എഫിലെ ഒരു വിഭാഗം ഈ തീരുമാനത്തോട് യോജിച്ചിട്ടില്ല.