സ്വന്തം ലേഖകന്‍
കോഴിക്കോട്: എംഎസ്എഫ് വിദ്യാര്‍ഥിനി വിഭാഗമായ ഹരിത ഭാരവാഹികള്‍ക്കെതിരേയുള്ള സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ പോലീസ് നടപടി കടുപ്പിക്കും.
പരാതിയില്‍ പരാമര്‍ശിച്ചിരിക്കുന്ന എംഎസ്എഫ് നേതാക്കളെ ചോദ്യം ചെയ്യുന്നതുള്‍പ്പെടെയുള്ള നടപടികളിലേക്കാണ് പോലീസ് നീങ്ങുന്നത്. പരാതിക്കാരായ പെണ്‍കുട്ടികളില്‍ നിന്നും പോലീസ് മൊഴിയെടുത്തിട്ടുണ്ട്.
പരാതിയിലുള്ള കാര്യങ്ങള്‍ തന്നെയാണ് ഇവര്‍ പോലീസിന് മൊഴിയായി നല്‍കിയത്. തുടര്‍ന്നുള്ള അന്വേഷണത്തോട് പൂര്‍ണമായും സഹകരിക്കുമെന്ന് ഹരിത നേതാക്കള്‍ പറഞ്ഞു. സമ്മദ്ധമുണ്ടെങ്കിലും പരാതി പിന്‍വലിക്കില്ലെന്നും ഇവര്‍ വ്യക്തമാക്കി.
അതേസമയം മുസ്ലിം ലീഗ് നിലപാടില്‍ ഹരിത നേതാക്കള്‍ അതൃപ്തിയിലാണ്. പരാതിയില്‍ പറയുന്ന എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ.നവാസിനെതിരേ മ ലീഗ് നേതൃത്വം ഇതുവരേയും നടപടി സ്വീകരിക്കാത്തതാണ് ഹരിത നേതാക്കളെ അലട്ടുന്നത്.
ഫേസ്ബുക്കില്‍ കുറ്റസമ്മതം നടത്തിയാല്‍ മാത്രം പോരെന്നും അച്ചടക്ക നടപടിയാണ് വേണ്ടതെന്നുമാണ് ഹരിത നേതാക്കള്‍ പറയുന്നത്. നിലവില്‍ പരാതിക്കാരാണ് പ്രതിസ്ഥാനത്തുള്ളത്. ഈ നിലപാടില്‍ മാറ്റംവരണം.
സ്ത്രീവിരുദ്ധ പരാമര്‍ശമുന്നയിച്ച നേതാവിനെതിരേ പാര്‍ട്ടി നടപടിയെടുക്കാതെ വനിതാകമ്മീഷനില്‍ നല്കിയ പരാതി പിന്‍വലിക്കില്ലെന്നാണ് ഇവര്‍ പറയുന്നത്.എന്നാല്‍ ലീഗിലെ പ്രശ്നങ്ങള്‍ പാണക്കാട് ചര്‍ച്ച നടത്തി പരിഹരിക്കുകയാണ് പതിവ്.
ഇതിന് വിപരീതമായാണ് ഹരിത നേതാക്കള്‍ നേരിട്ട് വനിതാ കമ്മീഷനെ സമീപിച്ചത് . ഇത് മുസ്ലീം ലീഗില്‍ ഇതുവരേയുള്ള രീതിയ്ക്ക് വിപരീതമാണ്. പ്രശ്നങ്ങളില്‍ പാണക്കാട് നേതൃത്വം പരിഹാരം കാണുംമുമ്പേ കാര്യങ്ങള്‍ പരസ്യമായി പുറത്തെത്തിച്ചത് ഹരിത നേതാക്കള്‍ക്ക് വീഴ്ച സംഭവിച്ചിട്ടുണ്ട്.
ഇത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിച്ചാല്‍ അത് ഗുരുതര പ്രശ്നങ്ങളിലേക്ക് നയിക്കും. അതിനാല്‍ ലീഗ് തീരുമാനത്തിനെതിരേ ഇനിയും നിലപാട് സ്വീകരിച്ച് മുന്നോട്ടുപോയാല്‍ ഹരിത നേതാക്കള്‍ക്കെതിരേ കടുത്ത നടപടിയെടുക്കാനാണ് ലീഗ് നേതൃത്വം തീരുമാനിച്ചത്.
സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ്, മലപ്പുറം ജില്ല ജനറല്‍ സെക്രട്ടറി വി. അബ്ദുല്‍ വഹാബ് എന്നിവര്‍ക്കെതിരെ ഐപിസി 354 എ (നാല്) -സ്ത്രീകളോട് ലൈംഗിക ചുവയോടെയുള്ള സംസാരം, ഐപിസി 509 -സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരം വെള്ളയില്‍ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
തുടര്‍ന്ന് അന്വേഷണത്തിന് വനിത ഇന്‍സ്പെക്ടറെ നിയോഗിക്കുകയായിരുന്നു. എംഎസ്എഫ് സംസ്ഥാന പ്രസിഡന്റടക്കമുള്ളവര്‍ ലൈംഗികമായി അധിക്ഷേപിച്ചെന്ന് കാണിച്ച് ‘ഹരിത’ നല്കിയ പരാതി വനിത കമ്മീഷന് പോലീസിന് കൈമാറിയതോടെയാണ് സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്.