കോഴിക്കോട്: എംഎസ്എഫ് നേതാക്കള്‍ ലൈംഗികാധിക്ഷേപം നടത്തിയെന്ന ഹരിത നേതാക്കളുടെ പരാതിയില്‍ എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസിനെതിരെ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. കോഴിക്കോട് വെള്ളയില്‍ ഇന്‍സ്പക്ടര്‍ ഗോപകുമാറാണ് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി (നാല്) മുമ്പാകെ കഴിഞ്ഞ ദിവസം കുറ്റപത്രം സമര്‍പ്പിച്ചത്. ആകെ 18 സാക്ഷികളെയാണ് കുറ്റപത്രത്തിലുള്പ്പെടുത്തിയത്.
അതേസമയം എംഎസ്എഫ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്‍ വഹാബിനെ കുറ്റപത്രത്തില്‍ നിന്ന് ഒഴിവാക്കി. നവാസിനൊപ്പം ഇയാള്‍ക്കെതിരെയും വനിതാ നേതാക്കള്‍ പരാതിയില്‍ ആരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍ മതിയായ തെളിവുകളില്ലാത്തതിനാലാണ് കുറ്റപത്രത്തില്‍ പരാമര്‍ശിക്കാതിരുന്നത്.
പരാതിയില്‍ മറ്റൊരു ദിവസമാണ് വഹാബിന്റെ പരാമര്‍ശമുണ്ടായതെന്നും പരാതിയില്‍ പരാമര്‍ശിച്ച പ്രധാന സംഭവവുമായി ബന്ധമില്ലെന്ന് കണ്ടെത്തിയതിനാലുമാണ് കുറ്റപത്രത്തില്‍ നിന്നൊഴിവാക്കിയതെന്ന് പോലീസ് അറിയിച്ചു.കഴിഞ്ഞ ജൂണ്‍ 22ന് കോഴിക്കോട്ട് എംഎസ്എഫ് സംസ്ഥാന സമിതി യോഗത്തിനിടെയാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്.
ഹരിതയിലെ സംഘടനാ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനിടെ ഹരിത നേതാക്കളുടെ അഭിപ്രായം തേടിയ എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് ”വേശ്യയ്ക്കും വേശ്യയുടെ അഭിപ്രായം കാണും’ എന്ന് പരാമര്ശിക്കുകയായിരുന്നുവെന്നാണ് ഹരിത നേതാക്കളുടെ പരാതി.
ഇതിന് സമാനമായ രീതിയിലായിരുന്നു അബ്ദുള്‍ വഹാബിന്റെയും പ്രതികരണമെന്നും എംഎസ്എഫില്‍ പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടികളെ ലൈംഗീക ചുവയോടെ ചിത്രീകരിക്കുകയും ദുരാരോപണങ്ങള്‍ ഉന്നയിച്ച് മാനസികമായും സംഘടനാ പരമായും തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും വ്യക്തമാക്കിയായിരുന്നു ഹരിത അംഗങ്ങള്‍ വനിതാ കമ്മീഷന് പരാതി നല്‍കിയത്.
പരാതി പരിശോധിച്ച കമ്മീഷന് സിറ്റി പോലീസ് മേധാവി എ.വി. ജോര്‍ജിന് തുടര്‍ നടപടിക്കായി കൈമാറുകയായിരുന്നു. തുടര്‍ന്ന് സ്പെഷല്‍ ബ്രാഞ്ച് അന്വേഷണം നടത്തുകയും റിപ്പോര്‍ട്ട് കമ്മീഷണര്‍ക്ക് സമര്‍പ്പിക്കുകയും ഇതിന്റെ അടിസ്ഥനത്തില്‍ വെള്ളയില്‍ പോലീസ് കേസെടുക്കുകയും ചെയ്തു.
സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ്, മലപ്പുറം ജില്ല ജനറല്‍ സെക്രട്ടറി വി. അബ്ദുല്‍ വഹാബ് എന്നിവര്‍ക്കെതിരെ ഐപിസി 354 എ (നാല്) -സ്ത്രീകളോട് ലൈംഗിക ചുവയോടെയുള്ള സംസാരം, ഐപിസി 509 -സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരം വെള്ളയില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
തുടര്‍ന്ന് അന്വേഷണത്തിന് ചെമ്മങ്ങാട് ഇന്‍സ്പെക്ടര്‍ അനിതകുമാരിയെ നിയോഗിക്കുകയായിരുന്നു. പെണ്‍കുട്ടികളുടെ മൊഴിയെടുക്കലുള്പ്പെടെയുള്ള നടപടികള്‍ പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് വെള്ളയില്‍ ഇന്‍സ്പക്ടര്‍ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.