കോഴിക്കോട്: വനിതാ കമ്മീഷന് മുസ്ലീം ലീഗിലെ വനിതാ വിദ്യാര്‍ഥി സംഘടനയായ ഹരിതയിലെ പെണ്‍കുട്ടികള്‍ നല്കിയ പരാതി പിന്‍വലിക്കില്ലെന്ന് നേതാക്കള്‍.
എംഎസ്എഫ് നേതാക്കള്‍ ഹരിതയിലെ വിദ്യാര്‍ഥിനികളോട് സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയെന്ന പരാതിയിലാണ് നേതാക്കള്‍ ഉറച്ചു നില്‍ക്കുന്നത്. സംഭവം വിവാദമായതോടെ മുസ്ലീം ലീഗ് പ്രശ്നത്തില്‍ ഇടപെട്ട് പരിഹരിച്ചുവെന്ന് അറിയിച്ചിരുന്നു.
എംഎസ്എഫ് നേതാക്കള്‍ സമൂഹമാധ്യമങ്ങള്‍ വഴി ക്ഷമാപണം നടത്തുമെന്നും ഹരിത നേതാക്കള്‍ വനിതാ കമ്മീഷനില്‍ നല്കിയ പരാതി പിന്‍വലിക്കുമെന്നും അറിയിച്ചുകൊണ്ട് ലീഗ് ജനറല്‍ സെക്രട്ടറി പി.എം.എ.
സലാം പത്രകുറിപ്പും പുറത്തിറിക്കിയിരുന്നു. എന്നാല്‍ ഏതാനും ചില എംഎസ്എഫ് നേതാക്കള്‍ പേരിനൊരു ക്ഷമാപണം നടത്തുക മാത്രമാണുണ്ടായത്.
ഹരിത നേതാക്കളാകട്ടെ പ്രശ്നത്തോട് പ്രതികരിച്ചിട്ടുമുണ്ടായിരുന്നില്ല. എന്നാല്‍ വനിതാ കമ്മിഷന് നല്കിയ പരാതിയില്‍ ഉറച്ചു നില്ക്കുന്നതായാണ് ഏറ്റവുമെടുവില്‍ പുറത്തുവരുന്ന വിവരം.
പരാതിയില്‍ ഉറച്ചു നിന്നാല്‍ മുസ്ലീം ലീഗിന് ഇത് തലവേദനയാകുമെന്ന് ഉറപ്പാണ്. അതുകൊണ്ട് തന്നെ ഹരിത നേതാക്കളെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ ലീഗിന്റെ മുതിര്‍ന്ന നേതാക്കളുടെ ഭാഗത്ത് നിന്ന് തുടരുകയാണ്.
സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ്, മലപ്പുറം ജില്ല ജനറല്‍ സെക്രട്ടറി വി. അബ്ദുല്‍ വഹാബ് എന്നിവര്‍ക്കെതിരെ ഐപിസി 354 എ (നാല്) -സ്ത്രീകളോട് ലൈംഗിക ചുവയോടെയുള്ള സംസാരം, ഐപിസി 509 -സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരം വെള്ളയില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
ഇരുഭാഗത്തു നിന്നുള്ള നേതാക്കളുടെ മൊഴിയെടുപ്പും പൂര്‍ത്തീകരിച്ചിട്ടുണ്ട്. വനിതകള്‍ക്കുള്ള പ്രത്യേക പരിരക്ഷ ഉറപ്പുവരുത്താനായിരുന്നു ഹരിത സംസ്ഥാന വനിതാ കമ്മീഷനെ സമീപിച്ചത്.