അയിലൂർ: വേനലിൽ തളരുന്ന ജില്ലയെ ഹരിതാഭമാക്കാൻ വനംവകുപ്പിന്റെ നേതൃത്വത്തിൽ തൈകൾ ഒരുങ്ങുന്നു. സാമൂഹ്യ വനവത്കരണ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വച്ചുപിടിപ്പിക്കുവാൻ നാലുലക്ഷം തൈകൾ ഒരുങ്ങുന്നത്.
സാമൂഹ്യവനവത്കരണ വിഭാഗത്തിന്റെ അഗളി റേഞ്ചിൽ കയറാടി, കുറ്റിക്കൽചള്ള, വെങ്ങന്നൂർ, പെരുങ്ങോട്ടുകുറിശി, പാലക്കാട് റേഞ്ചിൽ ധോണി, മായാപുരം, കിണാവല്ലൂർ, ഒലവക്കോട്, മണ്ണാർക്കാട് റേഞ്ചിൽ മണ്ണാർക്കാട്, ചിണ്ടക്കൽ, മേക്കളപ്പാറ, കൂറ്റനാട് കടന്പഴിപ്പുറം, വാടാനാംകുറിശി എന്നിവിടങ്ങളിലായി പതിനാലു നഴ്സറികളാണ് തൈകൾ തയാറാക്കിയിട്ടുള്ളത്.
ഓരോ നഴ്സറികളിലും 20,000 മുതൽ 40,000 തൈകൾ വരെയാണ് പരിപാലിക്കുന്നത്.
2016 ൽ മൂന്നുലക്ഷവും 2017 ൽ മൂന്നരലക്ഷം തൈകളാണ് ജില്ലയിൽ വിതരണം ചെയ്തത്. ചന്ദനം, രക്തചന്ദനം, പേര, പൂവരശ്, മാതളം, പുളി, ഉങ്ങ്, മഹാഗണി, മണിമരുത്, താന്നി, കൊന്ന, കുമിഴ്, സീതപ്പഴം, കൂവളം, വേങ്ങ, അന്പഴം, ലക്ഷ്മി തരു എന്നിവയും ചില നഴ്സറികളിൽ തുളസി, ആര്യവേപ്പ് തുടങ്ങിയ ഒൗഷധ്യച്ചെടികളും വിതരണത്തിനായി തയാറാക്കി.
പരിസ്ഥിതിദിനമായ ജൂണ്‍ അഞ്ചിന് വച്ചുപിടിപ്പിക്കുന്നതിനാണ് തൈകൾവിതരണം ചെയ്യുന്നത്. പഞ്ചായത്ത്, നഗരസഭ, സ്കൂളുകൾ, രാഷ്ട്രീയ സംഘടനകൾ, സന്നദ്ധ സംഘടനകൾ, രജിസ്ട്രേഡ് ക്ലബുകൾ, റസിഡൻസ് അസോസിയേഷനുകൾ എന്നിവയ്ക്കും തൈകൾ അപേക്ഷപ്രകാരം അടുത്ത മാസം അവസാനത്തോടെ വിതരണം ചെയ്യും. ചെടികൾ വനം വകുപ്പ് തയാറാക്കിയ പ്ലാസ്റ്റിക് കൂടകളാണ് ഇത്തവണ വിതരണം ചെയ്യുന്നത്.