പയ്യന്നൂര്‍: പോളിംഗ് സ്റ്റേഷനുകളില്‍ ഹരിതപെരുമാറ്റച്ചട്ടം നടപ്പിലാക്കിയപ്പോള്‍ പോളിംഗ് ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ മണിക്കൂറുകളോളം ദാഹിച്ചു വലഞ്ഞു. പോളിംഗ് സ്റ്റേഷനുകളില്‍ കുടിവെള്ള സൗകര്യമൊരുക്കാത്തതാണ് ഉദ്യോഗസ്ഥരെ വലച്ചത്.
രാവിലെ പോളിംഗ് സാമഗ്രികള്‍ കൈപ്പറ്റാനായി പയ്യന്നൂര്‍ ബോയ്സ് ഹൈസ്കൂളിലെത്തിയ പലരും വീടുകളില്‍നിന്നും പ്ലാസ്റ്റിക് കുപ്പികളില്‍ നിറച്ച വെള്ളവുമായാണെത്തിയത്. ബോയ്സ് ഹൈസ്കൂളിലും പെരുമാറ്റച്ചട്ടമുള്ളതിനാല്‍ വെള്ളക്കുപ്പികള്‍ അവിടെത്തന്നെ ഉപേക്ഷിക്കേണ്ടിവന്നു. എങ്കിലും ബോയ്സ് ഹൈസ്കൂളില്‍ കുടിവെള്ളത്തിനുള്ള സൗകര്യമൊരുക്കിയിരുന്നതിനാല് മറ്റു ബുദ്ധിമുട്ടുകളൊന്നും ഉദ്യോഗസ്ഥര്ക്കുണ്ടായില്ല.
എന്നാല്‍ ഉച്ചയോടെ വിവിധ പോളിംഗ് സ്റ്റേഷനിലെത്തിയവര്ക്കാണു മണിക്കൂറുകളോളം കുടിവെള്ളം പോലും കിട്ടാതെ വന്നത്. പ്ലാസ്റ്റിക് കുപ്പികള്‍ക്കും പ്ലാസ്റ്റിക് ഗ്ലാസുകള്‍ക്കും നിരോധനമുള്ളതിനാല്‍ മറ്റു സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്താനും പറ്റാത്ത അവസ്ഥയുമായി.
രാമന്തളി ഹയര്‍സെക്കൻഡറി സ്കൂളില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ട മുപ്പതോളം പേര് വൈകുന്നേരം ആറരയോടെ വില്ലേജ് ഓഫീസര്‍ കുടിവെള്ളമെത്തിക്കുന്നതുവരെ ദാഹിച്ചു വലയേണ്ടിവന്നു. മറ്റു പോളിംഗ് സ്റ്റേഷനുകളിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല.