തൃശൂർ: കോവിഡ് പടരാതിരിക്കാൻ വേണ്ട മാർഗ നിർദേശങ്ങൾ എന്ന നിലയിൽ കളക്ടർ ഹരിത വി. കുമാറിന്റെ ഫേസ്ബുക്കിൽ കുറിച്ച “കൂട്ടം കുറച്ചാൽ നേട്ടം കൂടും’ എന്ന നിർദേശം നൽകിയതിനു പിന്നാലെ രൂക്ഷ വിമർശനവുമായി കമന്റുകൾ.
സിപിഎം തൃശൂർ ജില്ലാ സമ്മേളനത്തിനെതിരെ ഒരു ചെറുവിരൽ പോലും അനക്കാൻ കഴിയാത്ത കളക്ടറുടെ നിർദേശത്തിനെതിരെയാണ് ആളുകൾ കൂട്ട മായി ഫേസ്ബുക്കിൽ കളക്ടറെ ആക്രമിച്ചത്.
ഒടുവിൽ ഗത്യന്തരമില്ലാതെ ഫേസ്ബുക്കിലെ ഇത്തരം കമന്റുകൾ നീക്കിയാണു പിന്നീട് വീണ്ടും പോസ്റ്റിട്ടത്.
തൃശൂർ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന സിപിഎം സമ്മേളനത്തിൽ പ്രതിനിധികൾ ഇരിക്കുന്ന ഫോട്ടോ അടക്കം ഇട്ടാണു കളക്ടറെ കളിയാക്കിയത്.
അന്‍പതുപേർ മാത്രമേ പാടുള്ളൂവെന്നു പറഞ്ഞ കളക്ടർ 175 പേർ പങ്കെടുത്ത സമ്മേളന സ്ഥലത്തേക്ക് എത്തി നോക്കാൻ പോലും പോലീസിനെ വിടാത്തതിനെതിരെയും നിരവധി പേരാണു വിമർശനം ഉന്നയിച്ചത്.
സാധാരണക്കാരെ മാത്രം ഉപദ്രവിക്കുന്ന കോവിഡ് പ്രോട്ടോക്കോളാണു കളക്ടറുടേതെന്നാണ് ആരോപണം.