സിജോ പൈനാടത്ത്
കൊച്ചി: പരിസ്ഥിതി സൗഹൃദ സമൂഹത്തിനായി, വീടുകളില്‍ മാലിന്യങ്ങള്‍ ശേഖരിക്കാനെത്തുന്ന ഹരിത കര്‍മസേന ഇനി സ്മാര്‍ട്ടാകും. മാലിന്യങ്ങള്‍ ശേഖരിക്കാനുള്ള ബാഗുകള്‍ മാത്രമല്ല, സ്മാര്‍ട്ട് ഫോണും ലാപ്ടോപ്പും ഇനി ഹരിത കര്‍മസേനാംഗങ്ങളുടെ കൈകളിലുണ്ടാകും.
മാലിന്യ നിര്‍മാര്‍ജന രംഗത്തു സ്മാര്‍ട്ട് ഗാര്‍ബേജ് മോണിട്ടറിംഗ് സിസ്റ്റം നടപ്പാക്കുന്നതിന്റെ ഭാഗമായാണു ഹരിത കര്‍മ സേനയ്ക്കു ഫോണും ലാപ്ടോപ്പും നല്‍കുന്നത്.
വീടുകളിലെത്തിയുള്ള മാലിന്യ ശേഖരണം കാര്യക്ഷമമാക്കുന്നതിനു ഹരിതകേരള മിഷനു വേണ്ടി കെല്‍ട്രോണാണു സിസ്റ്റം വികസിപ്പിച്ചത്. ഇതിന്റെ ഭാഗമായി മൊബൈല്‍ ആപ്പും നിലവില്‍ വരും.
സംസ്ഥാനത്തെ 300 പഞ്ചായത്തുകളിലെയും 70 നഗരസഭകളലെയും ആറു കോര്‍പറേഷനുകളിലെയും ഹരിത കര്‍മസേനാംഗങ്ങള്‍ക്കാണ് ആദ്യഘട്ടത്തില്‍ ഫോണും ലാപ്ടോപ്പും നല്‍കുക. ഇതിനായി അതതു തദേശ സ്ഥാപനങ്ങളുടെ തനതു ഫണ്ട്, ധനകാര്യ കമ്മീഷന് ഗ്രാന്‍ഡ് എന്നിവ ഉപയോഗിക്കാമെന്നു പഞ്ചായത്ത് വകുപ്പ് ഡപ്യൂട്ടി സെക്രട്ടറി ഷിബി ഏബ്രഹാം അറിയിച്ചു.
ഗ്രാമപഞ്ചായത്തുകള്‍ 2.49 ലക്ഷവും നഗരസഭകള്‍ 7.63 ലക്ഷവും കോര്‍പറേഷനുകള്‍ 25.1 ലക്ഷവും വീതം സ്മാര്‍ട്ട് ഗാര്‍ബേജ് മോണിട്ടറിംഗ് പദ്ധതിക്കായി നീക്കിവയ്ക്കും. കെല്‍ട്രോണിനുള്ള സര്‍വീസ് ചാര്‍ജും അതതു തദേശ സ്ഥാപനങ്ങള്‍ ഇതില്‍നിന്നു നല്‍കേണ്ടിവരും.
ഹരിതകര്‍മ സേനയെ സ്മാര്‍ട്ടാക്കുന്നതിനുള്ള പരിശീലനം ബ്ലോക്ക്, നഗരസഭ അടിസ്ഥാനത്തില്‍ ഉടന്‍ ആരംഭിക്കും. സംസ്ഥാനത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന 2600 ഹരിത കര്‍മസേനാംഗങ്ങളുണ്ട്.
ക്യു ആര് കോഡും ഡിജിറ്റല്‍ രസീതും വീട്ടിലെത്തും
ഹരിതകര്‍മ സേന വീടുകളില്‍ നിന്നു മാലിന്യം ശേഖരിക്കുന്ന ഘട്ടം മുതല്‍ അതു സംസ്കരണ കേന്ദ്രത്തിലെത്തുന്നതു വരെയുള്ള ഘട്ടങ്ങള്‍ മൊബൈല്‍ ആപ്പു വഴി പഞ്ചായത്ത് മേലധികാരികള്‍ക്കും സര്‍ക്കാരിനും നിരീക്ഷിക്കാനാകും. ഓരോ വീടിനും ഓരോ ക്യു ആര് കോഡ് ഉണ്ടാകും. വീട്ടുടമകള്‍ക്കു നല്കുന്ന രസീത് ഇതോടെ പേപ്പര്രഹിതമാകും.