വടകര: വടകര നഗരസഭയില്‍ ഹരിത കര്‍മ സേനയ്ക്ക് യൂസര്‍ഫീ നല്കി അജൈവ പാഴ് വസ്തുക്കള്‍ കൈമാറാത്ത വീടുകളില്‍ അധികൃതരുടെ സന്ദര്‍ശനം. നവംബര്‍ 10 വരെ എല്ലാ ജനപ്രതിനിധികളും വാര്‍ഡിന്റെ ചുമതലയുള്ള ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരും ഹരിത കര്‍മ സേനാംഗങ്ങളും ആശാവര്‍ക്കര്‍മാരും കുടുംബശ്രീ പ്രവര്‍ത്തകരും ഇത്തരം വീടുകളില്‍ കയറി സഹകരണം ഉറപ്പാക്കും.
വലിച്ചെറിയല്‍ സംസ്കാരം പൂര്‍ണമായും ഒഴിവാക്കുന്നതിനെപ്പറ്റി ബോധ്യപ്പെടുത്തി ഡോര്‍ ടു ഡോര്‍ കലക്ഷന്‍ 100 ശതമാനത്തിലേക്ക് എത്തിക്കുകയാണ് എ ഡേ വിത്ത് ഹരിത കര്‍മ്മ സേനയിലൂടെ ലക്ഷ്യംവെക്കുന്നത്.ജനുവരി 26 ന് കോഴിക്കോട് ജില്ല സമ്പൂര്‍ണ മാലിന്യമുക്ത ജില്ലയായി പ്രഖ്യാപിക്കുന്നതിന്റെ മുന്നൊരുക്കമായാണ് വീട് കയറ്റം.
ഒന്നാം വാര്‍ഡില്‍ (കുരിയാടി) നഗരസഭാ ചെയര്‍പേഴ്സണ്‍ കെ.പി.ബിന്ദുവിന്റെ നേതൃത്വത്തില്‍ ഗൃഹസന്ദര്‍ശനം നടത്തി.സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന്മാരും കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍മാരും വാര്‍ഡ് കൗണ്‍സിലറും ഹരിത കര്‍മ സേനാംഗങ്ങളും കുടുംബശ്രീ പ്രവര്‍ത്തകരും നവകേരളം കര്‍മ്മ പദ്ധതിയുടെ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ മണലില്‍ മോഹനനും ആരോഗ്യവിഭാഗം ഉദ്യോഗസ്ഥന്മാരും വീടുകള്‍ കയറി.