ചാരുംമൂട് : ഉപദ്രവിക്കാൻ ശ്രമിച്ച പ്രതിയിൽനിന്നു പതിമൂന്നുകാരിയായ സ്കൂൾ വിദ്യാർഥിനിയെ സമയോചിതമായ ഇടപെടലിലൂടെ രക്ഷപ്പെടുത്തിയ നൂറനാട് പഞ്ചായത്തിലെ ഹരിതകർമ സേനാംഗങ്ങളായ മഞ്ജുവിനും ഷാലിക്കും നാടിന്റെ അഭിനന്ദനപ്രവാഹം.
സംഭവത്തിൽ പ്രതിയായ ഭരണിക്കാവ് പള്ളിക്കൽ കൊടുവലേത്ത് തെക്കതിൽ ലക്ഷംവീട് കോളനിയിൽ പ്രവീണി( 30 )നെ നൂറനാട് പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ റിമാൻഡിലാണ്.
രണ്ടാഴ്ച മുമ്പ് വൈകുന്നേരം മഴസമയത്ത് നൂറനാട് ഇടക്കുന്നത്തെ റോഡിൽവച്ചായിരുന്നു ക്രിമിനൽ പശ്ചാത്തലമുള്ള യുവാവ് നഗ്നത പ്രദർശിപ്പിച്ചശേഷം പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ചത്.
നൂറനാട് ഗ്രാമപഞ്ചായത്തിലെ ഹരിതകർമസേനയുടെ വാഹനം ഓടിക്കുന്ന മഞ്ജുവും ഷാലിയും കുട്ടിയുടെ കരച്ചിൽ കേട്ട് ഈസമയം ഓടി എത്തിയതുകൊണ്ട് മാത്രമാണ് പെൺകുട്ടി രക്ഷപ്പെട്ടത്. സ്കൂട്ടറിൽ രക്ഷപ്പെട്ട പ്രതിയെ മഞ്ജു സ്കൂട്ടറിലും ഷാലി ഹരിതകർമസേനയുടെ ഓട്ടോറിക്ഷയിലും പിന്തുടർന്നു.
പറയംകുളം ജംഗ്ഷനില് സ്കൂട്ടർ ഒതുക്കിയ ഇയാളെ പിടിച്ചുനിർത്തിയെങ്കിലും മഞ്ജുവിനെ തള്ളിയിട്ടശേഷം സ്കൂട്ടർ ഓടിച്ചു പോകുകയായിരുന്നു. താഴെവീണ മഞ്ജുവിനു നിസാര പരിക്കും പറ്റി. ഒട്ടുംതന്നെ പതറാതെ ഷാലി ഓട്ടോയിൽ ഇയാളെ പിൻതുടർന്നു. നൂറനാട് പാറ ജംഗ്ഷൻ പിന്നിട്ട് പടനിലം ജംഗ്ഷനിൽ എത്തിയപ്പോഴേക്കും ബാറ്ററി ചാർജുതീർന്ന് ഓട്ടോറിക്ഷ നിന്നതോടെ ഷാലി നിരാശയോടെ മടങ്ങുകയായിരുന്നു.
എന്നാൽ, ഇവർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പോലീസിന്റെ പിന്നീടുളള അന്വേഷണം. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ സമഗ്രമായ അന്വേഷണത്തിലാണ് കായംകുളം റയിൽവേ സ്റ്റേഷന് സമീപത്തുനിന്നു പ്രതിയെ നൂറനാട് പോലീസ് പിടികൂടിയത്.
മഞ്ജുവിനെയും ഷാലിയെയും നൂറനാട് എസ്എച്ച്ഒ എസ്. ശ്രീകുമാർ, എസ്ഐ എസ്. നിതീഷ് എന്നിവരും നൂറനാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സ്വപ്നാ സുരേഷ്, വൈസ് പ്രസിഡന്റ് ജി. അജികുമാർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേ ഴ്സൺ ഗീതാ അപ്പുക്കുട്ടൻ, പഞ്ചായത്തംഗം ശിവപ്രസാദ് എന്നിവർ അഭിനന്ദിച്ചു.