ഉപ്പുതറ: ജോലിഭാരവും വരുമാനക്കുറവും ആരോഗ്യപ്രശ്നങ്ങളും മൂലം ഹരിത കർമ സേനാംഗങ്ങൾ പണി ഉപേക്ഷിക്കുന്നു. സാമൂഹിക പ്രതിബദ്ധതയുടെ പേരിലാണെങ്കിലും വീട്ടിലെ പ്രാരാബ്ദവുമാണ് യുവതികളെ ഹരിത കർമ സേനയിലേക്ക് ആകർഷിക്കാൻ കാരണം.
എന്നാൽ, താങ്ങാനാവാത്ത ജോലി ഭാരവും കഷ്ടപ്പാടിന് അനുസരിച്ച് മതിയായ വേതനം കിട്ടാത്തതും ജോലിയിൽ തുടരാൻ പലർക്കും വിമുഖത സൃഷ്ടിക്കുന്നുണ്ട്. സംസ്ഥാനത്ത് മാലിന്യ സംസ്കരണ മേഖലയിൽ 32,944 ഹരിതകർമ സേനാംഗങ്ങളാണ് പ്രവർത്തിക്കുന്നത്.
ഇതിൽ ഉപ്പുതറ പഞ്ചായത്തിലെ 36 ൽ ഏഴുപേർ ഇതിനോടകം പണി ഉപേക്ഷിച്ചു. കഷ്ടപ്പാടും വരുമാനക്കുറവും മൂലം അയ്യപ്പൻകോവിലിൽ മൂന്നുപേരും പണി ഉപേക്ഷിച്ചു. പലരും തൊഴിൽ ഉപേക്ഷിക്കുമെന്നും സൂചനയുണ്ട്.
യൂസർ ഫീയായിവീടുകളിൽനിന്ന് ലഭിക്കുന്ന 50 രൂപയും വ്യാപാര സ്ഥാപനങ്ങളിൽ നിന്നുലഭിക്കുന്ന 100 രൂപയുമാണ് ഇവരുടെ ആകെ വരുമാനം. ഇതനുസരിച്ച് 30 ദിവസം കഠിനാധ്വാനം ചെയ്താൽ ഒരു മാസം 5000 മുതൽ 10000 രൂപയാണ് പരമാവധി ലഭിക്കുന്നത്.
എസ്റ്റേറ്റ് മേഖല ഉൾപ്പെടുന്ന വാർഡുകളിൽ പണിയെടുക്കുന്നവർക്ക് 4000 രൂപയാണ് പരമാവധി ലഭിക്കുന്നത്.ഓരോ ദിവസവും തരം തിരിക്കൽ കേന്ദ്രത്തിൽ എത്തണമെങ്കിൽ 20 കിലോമീറ്ററിലധികം യാത്ര ചെയ്യണം.
ഇതിനും സ്വന്തമായി പണം കണ്ടെത്തണം. ഇങ്ങനെ കഷ്ടപ്പാടു നിറഞ്ഞ ജോലിക്കിടയിൽ പല ദുരനുഭവങ്ങളും നേരിടേണ്ടി വരുന്നുണ്ടന്നും ഹരിതകർമ സേനാംഗങ്ങൾ പറഞ്ഞു.
ഇവർക്ക് വരുമാനം ഉണ്ടാക്കാനുള്ള സഹായ പദ്ധതികൾക്ക് വായ്പ നൽകുമെന്ന് സർക്കാർ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ മറ്റൊരു ജോലിയും ചെയ്യാനുള്ള സമയം ഇവർക്ക് കിട്ടുന്നില്ല. 15,000 രൂപയെങ്കിലും പ്രതിമാസം വേതനം കിട്ടണമെന്ന ആവശ്യമാണ് ഇവർ മുന്നോട്ടു വയ്ക്കുന്നത്.