ഷിംല: ഹരിയാന ബിജെപി അധ്യക്ഷൻ മോഹൻലാൽ ബദോലിക്കെതിരേ ബലാത്സംഗക്കേസ് രജിസ്റ്റർ ചെയ്ത് പോലീസ്. ഹിമാചൽപ്രദേശിലെ കസൗലിയിലെ ഹോട്ടലിൽവച്ചു കൂട്ടബലാത്സംഗത്തിനിരയാക്കിയെന്ന ഡൽഹി സ്വദേശിനിയായ യുവതിയുടെ പരാതിയിലാണു മോഹൻലാൽ ബദോലിക്കും ഗായകനായ റോക്കി മിത്തൽ എന്ന ജയ് ഭഗവാനുമെതിരേ ഹിമാചൽ പോലീസ് കേസെടുത്തത്.
ഇരുവർക്കുമെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്തതായി മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. സംഗീത ആൽബത്തിൽ അവസരം തരാമെന്നു വാഗ്ദാനം ചെയ്ത് ഇരുവരും പീഡിപ്പിക്കുകയായിരുന്നുവെന്നു പരാതിയിൽ യുവതി പറയുന്നു.
നിർബന്ധിച്ചു മദ്യം കുടിപ്പിച്ചെന്നും ലൈംഗികചൂഷണത്തിനു പുറമെ മർദിച്ചെന്നും പരാതിയിലുണ്ട്. പീഡനത്തിന്റെ ദൃശ്യങ്ങളും ഇവർ പകർത്തി. സംഭവം ആരോടെങ്കിലും പറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി പറഞ്ഞു. 2023 ജൂലൈ മൂന്നിനായിരുന്നു കേസിനാസ്പദമായ സംഭവം