ചണ്ഡിഗഢ്: ഹമാസുമായുള്ള യുദ്ധം തുടങ്ങിയതില്പിന്നെ നിര്‍മാണ തൊഴിലാളികള്‍ക്കു വലിയ ക്ഷാമം നേരിടുന്ന ഇസ്രയേലിലേക്കു 10,000 നിര്‍മാണത്തൊഴിലാളികളെ കയറ്റിവിടാനായി പരസ്യം ചെയ്ത് ഹരിയാന സര്‍ക്കാര്‍.
ഇസ്രയേലിലേക്ക് ഇന്ത്യന്‍ നിര്‍മാണത്തൊഴിലാളികളെ അയയ്ക്കുന്നതിനെക്കുറിച്ച് ഇതുവരെ ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്നു വിദേശകാര്യമന്ത്രാലയം പാര്‍ലമെന്റിനെ അറിയിച്ചതിന്റെ തൊട്ടടുത്ത ദിവസമാണ് ഹരിയാന സര്‍ക്കാരിന്റെ പരസ്യം വന്നത്.
യുദ്ധരംഗത്തേക്കു തൊഴിലാളികളെ അയയ്ക്കുന്നതിനെതിരേ ചില തൊഴിലാളി സംഘടനകളും പ്രതിപക്ഷ പാര്‍ട്ടികളും രംഗത്തുവന്നു. വിദേശരാജ്യങ്ങളില്‍ ജോലി വാഗ്ദാനം ചെയ്യുന്ന ട്രാവല്‍ ഏജന്റുമാരുടെ ചതിക്കുഴിയില്‍ തൊഴിലാളികള്‍ അകപ്പെടാതിരിക്കാനാണു തങ്ങള്‍ ഇങ്ങനെയൊരു പരസ്യം ചെയ്തതെന്നാണ് ഹരിയാന സര്‍ക്കാരിന്റെ വാദം.
ഇസ്രയേലിലേക്കു പോകാന്‍ താത്പര്യമില്ലാത്ത ഒരു തൊഴിലാളിയെപ്പോലും ഇക്കാര്യത്തില്‍ നിര്‍ബന്ധിക്കുകയില്ലെന്നും ഹരിയാന സര്‍ക്കാര്‍ വ്യക്തമാക്കി.
നിലവില്‍ ഒമ്പതു ശതമാനമാണ് ഹരിയാനയിലെ തൊഴിലില്ലായ്മ. 5.44 ലക്ഷം തൊഴിലില്ലാത്ത യുവാക്കളാണ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ പേര് രജിസ്റ്റര്‍ ചെയ്തു കാത്തിരിക്കുന്നത്.