ന്യൂഡൽഹി: ഹരിയാന, ജമ്മു കാഷ്മീർ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞടുപ്പ് വോട്ടണ്ണൽ പുരോഗമിക്കുന്പോൾ ലീഡ് നില മാറിമറിയുന്നു. തുടക്കത്തിൽ ഹരിയാനയിൽ ബിജെപിയെ ഏറെദൂരം പിന്നിലാക്കി കോൺഗ്രസിന്റെ മുന്നേറ്റമാണു കണ്ടതെങ്കിൽ പിന്നീട് കോൺഗ്രസിനൊപ്പമെത്തിയും മറികടന്നും ബിജെപി കുതിച്ചു. ഹരിയാനയിൽ കോൺഗ്രസ് തരംഗമാണെന്ന എക്സിറ്റ്പോള്‍ പ്രവചനങ്ങളെ കാറ്റില്‍പറത്തിയാണു ഹാട്രിക് ഭരണം ലക്ഷ്യമിടുന്ന ബിജെപിയുടെ പ്രകടനം.
അവസാനഘട്ടത്തിലേക്കു കടക്കുന്പോൾ ഹരിയാനയിൽ പ്രവചിക്കാനാവാത്ത രീതിയിൽ ഫലം മാറിമറിയുകയാണ്. രണ്ടിടത്തും 90 സീറ്റുകൾ വീതമാണുള്ളത്. ഭൂരിപക്ഷത്തിനു വേണ്ട മാജിക്കൽ സംഖ്യ 46. ഹരിയാനയിൽ ബിജെപി 50, കോൺഗ്രസ് 34, ഇന്ത്യൻ നാഷണൽ ലോക് ദൾ 01, മറ്റുള്ളവർ-05 എന്നിങ്ങനെയാണ് ലീഡ്.
ജമ്മു കാഷ്മീരിൽ ആദ്യസൂചനകളിൽ കോൺഗ്രസ്-നാഷണൽ കോൺഫറൻസ് (എൻസി) സഖ്യം മുന്നിട്ടെങ്കിലും പിന്നീട് അവിടെയും ഇഞ്ചോടിഞ്ച് പോരാട്ടമാണ് കണ്ടത്. എന്നാൽ ഈ റിപ്പോർട്ട് തയാറാക്കുന്പോൾ കോൺഗ്രസ്-നാഷണൽ കോൺഫറൻസ് (എൻസി) സഖ്യം കേവലഭൂരിപക്ഷം നേടുമെന്ന സൂചനയാണുള്ളത്.
കോൺഗ്രസ്-നാഷണൽ കോൺഫറൻസ് (എൻസി) സഖ്യം 50 സീറ്റിൽ മുന്നിൽ നിൽക്കുന്നു. ബിജെപി 25 സീറ്റിലാണ് ലീഡ് ചെയ്യുന്നത്. പിഡിപിക്ക് അഞ്ചു സീറ്റിൽ മാത്രമാണു ലീഡ്. മറ്റുള്ളവർക്ക് 10 സീറ്റുകളിൽ ലീഡുണ്ട്. എൻസിയുടെ ഒമർ അബ്ദുള്ളയും പിഡിപിയുടെ മെഹബൂബ മുഫ്തിയും മത്സരിച്ച രണ്ടിടങ്ങളിലും മുന്നിലാണ്.
വോട്ടണ്ണലിന്റെ തുടക്കത്തിൽ രണ്ടിടത്തും മുന്നിലെത്തിയപ്പോൾ എഐസിസി ആസ്ഥാനത്ത് ആഘോഷങ്ങൾ തുടങ്ങിയിരുന്നു. എന്നാൽ, ലീഡ് മാറിമറിഞ്ഞതോടെ കോൺഗ്രസ് ആസ്ഥാനത്തെ ആഘോഷം നിർത്തിവച്ചു. ഹരിയാനയിൽ ആകെയുള്ള 90 സീറ്റില്‍ 55 സീറ്റ് വരെയായിരുന്നു കോണ്‍ഗ്രസിന് പ്രധാന എക്സിറ്റ് പോളുകളുടെയെല്ലാം പ്രവചനം.
വിമതശല്യവും കര്‍ഷകരുടെയും ഗുസ്തിതാരങ്ങളുടെയും സമരവും ജെജെപിയുടെ പിണങ്ങിപ്പോക്കുമെല്ലാം ലോക്സഭയ്ക്ക് പുറമെ നിയമസഭാ തെരഞ്ഞെടുപ്പിലും ബിജെപിയുടെ അടി തെറ്റിക്കുമെന്നായിരുന്നു രാഷട്രീയനിരീക്ഷകരുടെ കണക്കുകൂട്ടൽ. പക്ഷേ കണക്കുകൾ പിഴച്ചു.
ജമ്മു കാഷ്മീരിൽ ആര് സർക്കാർ രൂപീകരിക്കുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. കേവലഭൂരിപക്ഷം കിട്ടിയില്ലെങ്കിൽ കാഷ്മീരിൽ സ്വതന്ത്രരെ കൂട്ടി മന്ത്രിസഭ ഉണ്ടാക്കാൻ കോൺഗ്രസ് സഖ്യം ശ്രമം നടത്തും. ആരുമായും അകൽച്ചയില്ലെന്നും പൂർണ ഫലം വന്നാൽ ഉടൻ ചർച്ചകൾ തുടങ്ങുമെന്നുമായിരുന്നു ഒമർ അബ്ദുള്ളയുടെ പ്രതികരണം. നിലവിൽ രണ്ട് മണ്ഡലങ്ങളിലും ഒമർ അബ്ദുള്ള മുന്നിലാണ്. ഫലം വരട്ടെയെന്ന് പിഡിപി നേതാവ് മെഹബൂബ മുഫ്തിയും പ്രതികരിച്ചു.
ഹരിയാനയിൽ വോട്ടെണ്ണൽ പുരോഗമിക്കവേ ആദ്യ മണിക്കൂറിൽ ഒളിംപ്യൻ വിനേഷ് ഫോഗട്ട് ലീഡ് ചെയ്തിരുന്നു. എന്നാൽ പിന്നീട് ഇവരും പിന്നിലായി. എന്നാൽ ഒടുവിൽ ലീഡ് നേടി. ഫൈനൽ വിസിൽ മുഴങ്ങുമ്പോൾ വിനേഷ് തെരഞ്ഞെടുപ്പ് ഗോദയിൽ കരുത്ത് തെളിയിക്കുമോ എന്നാണ് ഇനി അറിയാനുള്ളത്.
ഹരിയാനയിലെ കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർഥി ഭൂപീന്ദർ ഹൂഡ മുന്നിലാണ്. അതേസമയം, ഹരിയാനയിലെ ഏക സിപിഎം സ്ഥാനാർഥി ഭിവാനിയിൽ പിന്നിട്ടു നിൽക്കുന്നു.