ന്യൂഡൽഹി: ഹരിയാന ഗുരുഗ്രാമിലെ റയൻ ഇന്റർനാഷണൽ സ്കൂളിൽ രണ്ടാം ക്ലാസ് വിദ്യാർഥി പ്രദ്യുമൻ ഠാക്കൂർ കൊലക്കേസിൽ പ്ലസ് വൺ വിദ്യാർഥി പിടിയിലാകാൻ കാരണം അതിബുദ്ധി. പരീക്ഷ നീട്ടിവയ്ക്കുമെന്ന് സഹപാഠികളോട് അസ്റ്റിലായ വിദ്യാർഥി നേരത്തെ പറഞ്ഞിരുന്നു. മൃതദേഹം കണ്ടെന്ന് ആദ്യം സുരക്ഷാ ജീവനക്കാരനെ അറിയിച്ചതും ഈ വിദ്യാർഥിയായിരുന്നു.
കൊലപാതകത്തിനു ശേഷമാണ് പരീക്ഷ എഴുതാൻ ഹാളിലെത്തിയത്. വിദ്യാർഥി വൈകിയാണ് പരീക്ഷ ഹാളിലെത്തിയതെന്ന് അധ്യാപകരും മൊഴി നൽകിയിട്ടുണ്ട്. കൊലയ്ക്ക് ഉപയോഗിച്ച കത്തി മാലിന്യക്കുന്പാരത്തിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. പ്രദ്യുമൻ കൊല്ലെപ്പടുന്നതിന്റെ തലേ ദിവസം വിദ്യാർഥിയുടെ കൈയിൽ കത്തി കണ്ടിരുന്നതായി ക്ലാസ് ടീച്ചറും നാല് വിദ്യാർഥികളും സിബിഐക്ക് മൊഴി നൽകിയിരുന്നു. ബസ് കണ്ടക്ടറെ പോലീസ് അറസ്റ്റ് ചെയ്തതോടെ താൻ പിടയിലാവില്ലെന്ന അമിത ആത്മവിശ്വാസത്തിലായിരുന്നു വിദ്യാർഥിയെന്നും സിബിഐ ഉദ്യോഗസ്ഥർ പറഞ്ഞു. ഹരിയാന പോലീസ് നേരത്തെ അറസ്റ്റ് ചെയ്ത ബസ് കണ്ടക്ടർ തെറ്റുകാരനല്ലെന്നും സിബിഐ വ്യക്തമാക്കി.
ഹരിയാന പോലീസ് നടത്തിയ അന്വേഷണത്തിൽ അപാകതയുണ്ടെന്നു ചൂണ്ടിക്കാട്ടി കൊല്ലപ്പെട്ട പ്രദ്യുമന്റെ പിതാവ് സുപ്രീം കോടതിയെ സമീപിച്ചതിനു പിന്നാലെയാണ് അന്വേഷണം സിബിഐക്കു കൈമാറിയത്. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് പോലീസിന്റെ വിശദീകരണങ്ങൾ തള്ളിക്കളഞ്ഞുള്ള പുതിയ കണ്ടെത്തൽ. സ്കൂളിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് വിദ്യാർഥിയെ തിരിച്ചറിഞ്ഞതെന്നും കുറ്റകൃത്യം നടന്ന സമയവും വിദ്യാർഥി ശൗചാലയത്തിൽ കടന്നതിന്റെ ദൃശ്യത്തിന്റെ സമയവും സമാനമാണെന്നും സിബിഐ വ്യക്തമാക്കി. പിന്നീട് നടത്തിയ ചോദ്യം ചെയ്യലിൽ കുട്ടി കുറ്റമേറ്റെന്നും സിബിഐ വക്താവ് മാധ്യമങ്ങളെ അറിയിച്ചു.
രണ്ടാം ക്ലാസുകാരനായ പ്രദ്യുമനെ സെപ്റ്റംബർ എട്ടിനാണ് സ്കൂളിലെ ശുചിമുറിയിൽ കഴുത്തിനു മുറിവേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയതിനു ശേഷമാണ് പ്രദ്യുമനെ സ്കൂൾ ബസ് കണ്ടക്ടർ അശോക് കുമാർ കൊലപ്പടുത്തിയതെന്നും കസ്റ്റഡിയിലുള്ള പ്രതി കുറ്റം ഏറ്റുപറഞ്ഞെന്നുമായിരുന്നു പോലീസിന്റെ അവകാശവാദം. എന്നാൽ, പോലീസിന്റെ വാദം സിബിഐ പൂർണമായും തള്ളി. പ്രദ്യുമൻ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരായായിട്ടില്ല. പഠിക്കാൻ ഏറെ പിന്നിലായ വിദ്യാർഥി പരീക്ഷ നീട്ടിവയ്ക്കുന്നതിനും രക്ഷാ കർത്തൃ യോഗം മാറ്റിവയ്ക്കാനുമാണ് കൃത്യം നടത്തിയത്. സിസിടിവി ദൃശ്യങ്ങളുടേയും ശാസ്ത്രിയമായ തെളിവുകളുടേയും അടിസ്ഥാനത്തിലാണ് വിദ്യാർഥിയെ കസ്റ്റഡിയിലെടുത്തതെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.
സിബിഐയുടെ പുതിയ കണ്ടെത്തലിന്റെ പശ്ചാത്തലത്തിൽ പോലീസിന്റെയും സ്കൂൾ അധികൃതരുടെയും നേരത്തെയുള്ള വിശദീകരണത്തിൽ നിരവധി ചോദ്യങ്ങൾ ഉയർന്നിട്ടുണ്ട്. ബസ് കണ്ടക്ടർ എങ്ങനെ കുറ്റം സമ്മതിച്ചുവെന്നും ഇതെങ്ങനെ സ്കൂൾ അധികൃതർ ഏറ്റുപറഞ്ഞതെന്നുമാണ് നാട്ടുകാർ ചോദ്യമുന്നയിച്ചിരിക്കുന്നത്. കേസ് അന്വേഷണം പൂർത്തിയായിരുന്നില്ലെന്നാണ് പോലീസ് ഇപ്പോൾ പറയുന്നത്. കൂടുതൽ അന്വേഷണം നടത്തുന്നതിന് മുന്പ് കേസ് സിബിഐയെ ഏൽപ്പിക്കേണ്ടി വന്നെന്ന ന്യായമാണ് പോലീസ് ഉയർത്തുന്നത്. തന്റെ ഭർത്താവിനെ കേസിൽ കുടുക്കിയതാണെന്ന് ആരോപിച്ച് ബസ് കണ്ടക്ടർ അശോകിന്റെ ഭാര്യയും രംഗത്തെത്തിയിരുന്നു. സുപ്രീം കോടതിയെ സമീപിച്ച പ്രദ്യുമന്റെ പിതാവിന് നന്ദി പറയുന്നതായും അശോകിനെ എത്രയും വേഗം മോചിപ്പിക്കണമെന്നും അവർ പറഞ്ഞു. അതേസമയം, കസ്റ്റഡിയിലെടുത്ത വിദ്യാർഥിയുടെ പിതാവ് ആരോപണം നിഷേധിച്ചു. മകനെ നിർബന്ധിച്ച് കുറ്റം സമ്മതിപ്പിച്ചതാണ്. മൃതദേഹം കണ്ടെത്തിയത് അധ്യാപകരേയും മറ്റു ജീവനക്കാരേയും അറിയിക്കുക മാത്രമാണ് മകൻ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.