കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ വിചാരണ തുടങ്ങാനിരിക്കേ വീണ്ടും കോടതിക്ക് മുന്നിൽ ഹർജിയുമായി നടൻ ദിലീപ്. കേസിലെ സാക്ഷി വിസ്താരം നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് വിചാരണ കോടതിയിൽ പുതിയ ഹർജി സമർപ്പിച്ചു.
കേസിലെ സുപ്രധാന തെളിവായ നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ വിദഗ്ധ പരിശോധനയ്ക്ക് നൽകിയിരിക്കുകയാണ്. ഈ പരിശോധനാ ഫലം ലഭിക്കുന്നത് വരെ സാക്ഷി വിസ്താരം നിർത്തിവയ്ക്കണമെന്നാണ് ഹർജിയിൽ ദിലീപ് ആവശ്യപ്പെട്ടിരിക്കുന്നത്.
നേരത്തെ കേസിലെ പ്രതിപട്ടികയിൽ നിന്നും തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് സമർപ്പിച്ച ഹർജി വിചാരണ കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെ കേസിന്റെ വിചാരണ നടപടികൾ ആരംഭിക്കുന്നതിന് മുന്നോടിയായി പ്രതികളെ കോടതി കുറ്റപത്രം വായിച്ചുകേൾപ്പിക്കുകയും കുറ്റം ചുമത്തുകയും ചെയ്തു.
വിചാരണ നടപടികളിലേക്ക് കോടതി പോകുന്നതിനിടെയാണ് ദിലീപ് പുതിയ ഹർജിയുമായി കോടതിയിൽ എത്തിയിരിക്കുന്നത്.