ഇരുപതു വർഷം മുന്പാണ് കെന്റിലെ എയ്ൻസ്ഫോർഡിലുള്ള ഈഗിൾ ഹൈറ്റ്സ് വന്യജീവി സങ്കേതത്തിലേക്ക് ഒരു കഴുകൻ കുഞ്ഞിനെ ലഭിക്കുന്നത്. അന്ന് ഇവിടെ ലഭിച്ച വിവരങ്ങളനുസരിച്ച് അതൊരു ആണ് കഴുകനായിരുന്നു. അതുകൊണ്ട് അവരതിന് ഹരോൾഡ് എന്ന് പേരിട്ടു. കഴിഞ്ഞ 20 വർഷമായി ഹരോൾഡ് ആ വന്യജീവി സങ്കേതത്തിലുണ്ട്. അധികമാരോടും കൂട്ടുകൂടാത്ത ഹരോൾഡിനെ നാണംകുണുങ്ങിയെന്നാണ് വന്യജീവി സങ്കേതത്തിലെ ജോലിക്കാർ വിളിച്ചിരുന്നത്.
കഴിഞ്ഞ ദിവസം ഹരോൾഡ് തന്റെ കൂടിന്റെ ഒരു വശത്ത് പരുങ്ങിനിൽക്കുന്നതു കണ്ടാണ് ഒരു ജോലിക്കാരി അടുത്തേക്ക് ചെന്നത്. നോക്കുന്പോളതാ ഹരോൾഡ് മുട്ടയിരിക്കുന്നു. കഴിഞ്ഞ 20 വർഷവും ആണാണെന്ന് വിചാരിച്ചിരുന്ന ഹരോൾഡ് ഒറ്റ ദിവസംകൊണ്ട് എങ്ങനെ പെണ്ണായി എന്നാണ് എല്ലാവരെയും അദ്ഭുതപ്പെടുത്തുന്നത്.
സാധാരണ കഴുകൻമാരിൽ ലിംഗ വ്യത്യാസം കണ്ടെത്താൻ വളരെ പ്രയാസമാണെന്ന് വന്യജീവി സംരക്ഷണ കേന്ദ്രത്തിലെ ഡോക്ടർമാർ പറയുന്നു. കാഴ്ചയ്ക്ക് ഒരുപോലെ ഇരിക്കുന്നതുകൊണ്ട് ഡിഎൻഎ ടെസ്റ്റിലൂടെ മാത്രമേ ഇതു സാധ്യമാകു. എന്നാൽ കുഞ്ഞു ഹരോൾഡിനെ കൊണ്ടുവന്നപ്പോൾ ആണാണെന്ന് പറഞ്ഞതുകൊണ്ടാണ് മറ്റ് പരിശോധനകളൊന്നും നടത്താതിരുന്നതെന്ന് അധികൃതർ പറയുന്നു.