പത്തനംതിട്ട : പഞ്ചാബ് നാഷണല്‍ ബാങ്ക് വിവാദം രാജ്യത്തെയാകെ ഞെട്ടിച്ചിരിക്കുമ്പോള്‍ കേരളത്തിനു ഞെട്ടാനുള്ള സംഭവം വരുന്നു. ഹാരിസണ്‍സ് മലയാളം പ്ലാന്റേഷന്‍ കൈവശം വെച്ചിരിക്കുന്ന 59000 ഏക്കര്‍ ഭൂമിക്ക് ഇനി മുതല്‍ കരം അടയ്‌ക്കേണ്ടത് ബ്രിട്ടീഷ് രാജ്ഞിയുടെ പേരില്‍. ബ്രിട്ടീഷ് കമ്പനീസ് ആക്ട് പ്രകാരം മലയാളം പ്ലാന്റേഷന്‍ (യു.കെ ഹോള്‍ഡിംഗ്) വക സ്ഥലങ്ങള്‍ ഏറ്റെടുത്തതായി കമ്പനി രജിസ്ട്രാര്‍ 2016 ഡിസംബര്‍ ആറിന് പ്രഖ്യാപിച്ചിരുന്നു.
കമ്പനിയെ പിരിച്ചുവിട്ടുകൊണ്ടുള്ള വിജ്ഞാപനത്തോടൊപ്പം ഇന്ത്യയിലുള്ള കമ്പനിയുടെ സര്‍വ സ്വത്തുക്കളുടെയും ഇനിയുള്ള അവകാശം ബ്രിട്ടീഷ് രാജ്ഞിക്കായിരിക്കുമെന്നും വിജ്ഞാപനത്തില്‍ പറയുന്നു. കേരളത്തിന്റെ മണ്ണ് ബ്രിട്ടീഷ് രാജ്ഞിക്ക് അടിയറവെയ്ക്കാന്‍ കൂട്ടുനിന്ന സര്‍ക്കാര്‍, ഭൂമി തിരിച്ചുപിടിക്കാന്‍ നിര്‍ദേശിക്കുന്ന രാജമാണിക്യം റിപ്പോര്‍ട്ട് ചവറ്റുകൊട്ടയിലിടാന്‍ കരു നീക്കുകയാണെന്ന ആക്ഷേപവും ശക്തമാണ്.ബ്രിട്ടീഷ് കമ്പനിയായ മലയാളം പ്ലാന്റേഷന്റെ പേരിലാണ് ഹാരിസണ്‍സ് ഇതുവരെ കരമടച്ചു വന്നിരുന്നത്. ബ്രിട്ടീഷ് രാജ്ഞി കേരളത്തിലെ ഒരു ലക്ഷം ഏക്കര്‍ ഭൂമിയുടെ ഉടമയായ നടപടിക്കെതിരേ കേന്ദ്ര സര്‍ക്കാരോ കേരള സര്‍ക്കാരോ ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നുള്ളത് വിചിത്രമാണ്. തങ്ങളുടെ ആസ്തി മുഴുവന്‍ ഇന്ത്യയിലെ ഹാരിസണ്‍സ് മലയാളം, സെസ്‌ക്, സെന്റിനല്‍ ടീ ലിമിറ്റഡ് എന്നീ കമ്പനികളിലാണെന്ന് മലയാളം പ്ലന്റേഷന്‍സ് (ഹോള്‍ഡിങ്) ലിമിറ്റഡ് അവരുടെ വാര്‍ഷിക റിപ്പോര്‍ട്ടുകളില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഹാരിസണ്‍സിന്റെ വാര്‍ഷിക റിപ്പോര്‍ട്ടിലാകട്ടെ തങ്ങളുടെ കൈവശ ഭൂമിയുടെ ഉടമസ്ഥത മലയാളം പ്ലാന്‍േഷന്‍സ് (യു.കെ ഹോള്‍ഡിങ്) നാണെന്നും പറഞ്ഞിരിക്കുന്നു.
ഇനി കുഴയാന്‍ പോകുന്നത് കമ്പനിക്ക് കോടികളുടെ വായ്പ അനുവദിച്ച ബാങ്കുകളാണ്. കരം അടച്ച രസീതുകളുടെയും കൈവശാവകാശ സര്‍ട്ടിഫിക്കറ്റുകളുടെയും ബലത്തിലാണ് ബാങ്കുകള്‍ ഇവര്‍ക്ക് വായ്പകള്‍ അനുവദിച്ചിരുന്നത്. ബ്രിട്ടീഷ് രാജ്ഞിയുടെ പേരിലാണ് ഇനി ഇവര്‍ക്ക് വായ്പ അനുവദിക്കേണ്ടി വരിക. എസ്.ബി.ഐ, ഐ.ഡി.ബി.ഐ, എച്ച്.ഡി.എഫ്.സി, ഐ.സി.ഐ.സി.ഐ, എന്നീ ബാങ്കുകളാണ് ഹാരിസണ്‍സിന് കോടികള്‍ വായ്പയായി അനുവദിച്ചുവരുന്നത്. 2010 മുതല്‍ ഇതുവരെ 100 കോടിയോളം രൂപയാണ് കമ്പനി വായ്പയെടുത്തത്.
ഇതില്‍ 42 കോടി രൂപയോളം കമ്പനി ഇനി തിരിച്ചടക്കാനുണ്ട്. ഒറിജിനല്‍ ആധാരം പോലുമില്ലാതെ കരമടച്ച രസീതുകള്‍, കൈവശാവകാശ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയുടെ മാത്രം ബലത്തിലാണ് ബാങ്കുകള്‍ ഇത്രയും ഭീമമായ തുകകള്‍ വായ്പ അനുവദിച്ചിരുന്നത്. ഇനി കരം അടയ്‌ക്കേണ്ടത് ബ്രിട്ടീഷ് രാജ്ഞിയായതിനാല്‍ ബാങ്കുകള്‍ക്ക് തിരിച്ചു കിട്ടാനുള്ള തുക സംബന്ധിച്ചും ആശങ്ക തുടരുകയാണ്.