ഹരിപ്പാട്: ഏഴാം ക്ലാസ് വിദ്യാർഥിനി വീട്ടിലെ കിടപ്പുമുറിയിൽ ജീവനൊടുക്കിയ സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ടു ജനകീയ സമിതി പരാതി നൽകി. പരാതി ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം നടത്തിയ ശേഷം വേണ്ട നടപടികൾ സ്വീകരിക്കുമെന്നും തൃക്കുന്നപ്പുഴ സിഐ ആർ. ജോസ് രാഷ്്ട്രദീപികയോടു പറഞ്ഞു.
കാർത്തികപ്പള്ളി മഹാദേവികാട് ചിറ്റൂർ വീട്ടിൽ അശ്വതിയുടെ മകൾ ഹർഷയെയാണ് (12) ഫാനിൽ ജീവനൊടുക്കിയ നിലയിൽ ഞായറാഴ്ച രാവിലെ കണ്ടെത്തിയത്. ഹർഷയുടെ മരണത്തിൽ ആദ്യം മുതൽക്കേ ജനങ്ങൾ ദുരൂഹത ആരോപിച്ചിരുന്നു. മാതാവിന്റെ മാനസിക പീഡനമാണ് മരണത്തിന് കാരണമെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.
സംഭവത്തിൽ ജനകീയ പ്രതിഷേധം ശക്തമാണ്. ഇന്നലെ സംസ്കാരത്തിനായി മൃതദേഹം എത്തിച്ചപ്പോൾ മാതാവിനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി നാട്ടുകാർ ആംബുലൻസ് തടഞ്ഞിരുന്നു. അശ്വതിയുടെ ആദ്യ വിവാഹത്തിലെ മകളായ ഹർഷയെ നിരന്തരം ഉപദ്രവിക്കുമായിരുന്നെന്നും മരണത്തിൽ ദുരൂഹതയുണ്ടെന്നും നാട്ടുകാർ ആരോപിക്കുന്നു.
പോലീസ് നാട്ടുകാരെ ബലപ്രയോഗത്തിലൂടെ മാറ്റി മൃതദേഹം വീട്ടിനുള്ളിൽ എത്തിച്ചു. സംസ്കാരത്തിനായി മൃതദേഹം പുറത്തേക്കെടുത്തപ്പോൾ വീണ്ടും പ്രതിഷേധം ശക്തമായി.
പോലീസിന്റെ ശക്തമായ സംരക്ഷണത്തിൽ 12.30 ഓടെ മൃതദേഹം സംസ്കരിച്ചു. ശേഷം പോലീസ് തിരികെപ്പോകാൻ ശ്രമിച്ചപ്പോഴും നാട്ടുകാർ പോലീസ് വാഹനം തടഞ്ഞ് പ്രതിഷേധിച്ചു.
അമ്മ വഴക്കുപറഞ്ഞതിൽ മനംനൊന്താണ് ആത്മഹത്യയെന്നാണ് പൊലീസ് പറയുന്നത്. കരുവാറ്റ സ്വദേശി ഹരികുമാറാണ് ഹർഷയുടെ പിതാവ്. ഹരികുമാറുമായി വേർപിരിഞ്ഞശേഷം ചെന്നിത്തല സ്വദേശിയെ അശ്വതി വിവാഹം കഴിച്ചു. ഈ ബന്ധത്തിൽ മൂന്നു വയസുള്ളഒരു കുട്ടിയുണ്ട്.