ഹരിപ്പാട്: കാർത്തികപ്പള്ളിയിൽ ഏഴാം ക്ലാസ് വിദ്യാർഥിനിയുടെ ആത്മഹത്യ അമ്മയുടെ മാനസിക പീഡനത്തെത്തുടർന്നെന്ന് ആരോ പണം. മരണത്തിനു പിന്നാലെ അമ്മയ്ക്കെതിരേ നാട്ടുകാർ രംഗത്തെത്തി. കാർത്തികപ്പള്ളി മഹാദേവികാട് ചിറ്റൂർ വീട്ടിൽ അശ്വതിയുടെ മകൾ ഹർഷയാണ് മരിച്ചത്.
അമ്മ വഴക്കു പറഞ്ഞതിൽ മനംനൊന്താണ് ആത്മഹത്യചെയ്തതെന്നാണ് പോലീസ് പറയുന്നതെങ്കിലും നാട്ടുകാർ അമ്മയ്ക്കെതിരേ രൂക്ഷ വിമർശനങ്ങളാണ് ഉന്നയിക്കുന്നത്. ഇന്നലെ രാവിലെയാണ് ഹർഷയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
അശ്വതിയുടെ ആദ്യവിവാഹത്തിലെ കുട്ടിയാണ് ഹർഷ. കരുവാറ്റ സ്വദേശി ഹരികുമാറാണ് പിതാവ്. അശ്വതി പുനർ വിവാഹം കഴിക്കുകയും ആ ബന്ധത്തിൽ മൂന്നു വയസുള്ള ഒരു കുട്ടിയുമുണ്ട്.
കുട്ടിയുടെ മരണം സ്വാഭാവികമാണെന്ന് കരുതാൻ കഴിയില്ലെന്നും ഉപദ്രവിക്കുന്നതും മാനസികമായി പീഡിപ്പിക്കുന്നതും പതിവായിരുന്നതായും നാട്ടുകാർ പറയുന്നു.
ആറ് മാസങ്ങൾക്ക് മുന്പ് ഹർഷയുടെ മുടി അമ്മ അശ്വതി മുറിച്ച് മാറ്റുകയും കണ്ണിന് താഴെയും തോളിനും മുഖത്തും മർദിച്ച് പരിക്കേൽപിക്കുകയും ചെയ്തിരുന്നു.
കുട്ടിയുടെ കരച്ചിൽ കേട്ട് എത്തിയ നാട്ടുകാരെ വെട്ടുകത്തി കാണിച്ച് ഭീഷണിപ്പെടുത്തി വീട്ടിൽ നിന്ന് ഇറക്കി വിടുകയായിരുന്നു. തുടർന്ന് പഞ്ചായത്ത് പ്രസിഡന്റും മെന്പറും ഉൾപ്പടെയുള്ളവർ എത്തി വിവരം അന്വേഷിച്ചപ്പോൾ കുട്ടിയെ ഭീഷണിപ്പെടുത്തി താൻ നിരപരാധിയാണെന്ന് തെളിയിച്ചെടുക്കുകയാണ്അശ്വതി ചെയ്തതെന്നും നാട്ടുകാർ പറയുന്നു.
പീഡനം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ നേരത്തെ ചൈൽഡ് ലൈനിലും പോലീസിലും പരാതി നൽകിയിരുന്നു. തുടർന്ന് കുട്ടിക്കും മാതാവിനും കൗണ്സലിംഗ് നടത്തിയിരുന്നു.
പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ തൂങ്ങിമരണം തന്നെയാണെന്നും കൈയിൽ മൂന്ന് മുറിവുകളുണ്ടെന്നും ഇത് ഞരന്പ് മുറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഉണ്ടായതാണെന്നും നോട്ടുബുക്കിൽ അയാം ഗോയിങ് എന്ന് എഴുതി വെച്ചിരുന്നതായും തൃക്കുന്നപ്പുഴ സിഐ ആർ. ജോസ് പറഞ്ഞു.
ഹർഷയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും കാരണക്കാരായവരെ നിയമത്തിന് മുന്പിൽ എത്തിക്കണമെന്നും നാട്ടുകാർ പറയുന്നു. നങ്ങ്യാർകുളങ്ങര ബഥനി സ്കൂളിലെ ഏഴാം ക്ളാസ് വിദ്യാർഥിനിയാണ് ഹർഷ.