കണ്ണൂർ: സെൻട്രൽ ജയിലിൽനിന്നു മയക്കുമരുന്നു കേസിലെ ശിക്ഷാത്തടവുകാരൻ ഹർഷാദ് രക്ഷപ്പെടാനിടയായതുമായി ബന്ധപ്പെട്ടുള്ള അന്വേഷണ റിപ്പോർട്ട് ജയിൽ ഡിജിപി ബൽറാം കുമാർ ഉപാധ്യായക്ക് കൈമാറി.
വകുപ്പുതല അന്വേഷണത്തിന്റെ ഭാഗമായി തവനൂർ സെൻട്രൽ ജയിൽ സൂപ്രണ്ട് വി. ജയകുമാർ ഉത്തരമേഖല ജയിൽ ഡിഐജി ബി. സുനിൽകുമാറിന് സമർപ്പിച്ച റിപ്പോർട്ടാണ് ജയിൽ ഡിജിപിക്ക് കൈമാറിയത്. ജയിലിനു പുറത്തേക്കു തടവുകാരെ ഇറക്കുന്പോൾ പാലിക്കേണ്ട ചട്ടങ്ങൾ പാലിച്ചില്ലെന്നു പറയുന്ന റിപ്പോർട്ടിൽ ഉദ്യോഗസ്ഥരുടെ ജാഗ്രതക്കുറവാണ് പ്രതി രക്ഷപ്പെടാനിടയാക്കിയതെന്നു ചൂണ്ടിക്കാട്ടുന്നുണ്ട്.
അതേസമയം ജയിലിലെ ജീവനക്കാരുടെ കുറവും പ്രതിയുടെ രക്ഷപ്പെടലിനു സഹായിച്ചതായും റിപ്പോർട്ടിലുണ്ട്. ആവശ്യത്തിനു ജീവനക്കാരില്ലാത്ത അവസ്ഥ പരിഹരിക്കപ്പെടണമെന്ന പരാമർശവും റിപ്പോർട്ടിലുണ്ട്. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ സെൻട്രൽ ജയിൽ ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കുമെതിരേ നടപടി ഉണ്ടായേക്കും.
പത്രക്കെട്ട് എടുക്കാൻ പോകുന്നതിനിടയിലാണ് മറ്റൊരാളുടെ ബൈക്കിൽ കയറി ഹർഷാദ് രക്ഷപെട്ടത്. ഗേറ്റിന് പുറത്തേക്ക് പോയ പ്രതി നിമിഷനേരം കൊണ്ട് ദേശീയപാതയിൽ നിർത്തിയിട്ടിരുന്ന ബൈക്കിന് പിറകിൽ കയറിപ്പോവുകയായിരുന്നു. മയക്കുമരുന്ന് കേസിൽ പത്ത് വർഷം തടവിന് ശിക്ഷിക്കപ്പെട്ടയാളാണ് ഇയാൾ.
കണ്ണവം പോലീസ് എടുത്ത കേസിൽ 2023 സെപ്റ്റംബർ മുതൽ പ്രതി ശിക്ഷ അനുഭവിക്കുകയായിരുന്നു. അതിനിടയിലാണ് ഇന്ന് രാവിലെ പോലീസിനെ വെട്ടിച്ച് ഇയാൾ ജയിലിൽ നിന്നും ചാടി പോയത്. ജയിലിലെ വെൽഫയർ ഓഫീസിൽ ജോലിയായിരുന്നു ഹർഷാദിന്.