ഒരു രാജവെന്പാലയ്ക്ക് ഒറ്റക്കടിയിലൂടെ ഒരു ആനയെയോ 18 മുതൽ 20 വരെ ആളുകളെയൊ കൊല്ലാനുള്ള വിഷം വമിപ്പിക്കാനാകും.
കടിയേറ്റാൽ 15 മിനിറ്റിനുള്ളിൽ മരണം സംഭവിക്കും. സാധാരണ ജനവാസമുള്ള പ്രദേശങ്ങളിൽ രാജവെന്പാലയുടെ സാന്നിധ്യം ഉണ്ടാകാറില്ല.
തിരുവനന്തപുരം മൃഗശാലയിൽ മൂന്നു രാജവെന്പാലകളാണുള്ളത്. രാജവെന്പാലയുടെ വിഷം പ്രതിരോധിക്കാനുള്ള ആന്റിവെനമുണ്ടെങ്കിലും എല്ലായിടത്തും ലഭ്യമല്ല.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ മരണങ്ങൾ സംഭവിക്കുന്നത് അണലി, മൂർഖൻ, വെള്ളിക്കെട്ടൻ, ചുരുട്ട മണ്ഡലി എന്നിവയുടെ കടിയിലൂടെയാണ്. വെള്ളിക്കെട്ടന്റെ ആറ് മില്ലിഗ്രാം വിഷം ഉള്ളിൽ ചെന്നാൽ മരണം സംഭവിക്കാം.
തിരുവനന്തപുരം മൃഗശാലയിൽ രാജവെന്പാലയുടെ കടിയേറ്റു ജീവനക്കാരൻ മരിച്ചത് ഇന്നലെ ഉച്ചയോടെയായിരുന്നു. മൃഗശാലയിൽ ആനിമൽ കീപ്പറായി ജോലി ചെയ്തുവരികയായിരുന്നു ഇദ്ദേഹം.
കൂട് വൃത്തിയാക്കുകയും ഭക്ഷണം നൽകുകയും ചെയ്യുന്നതിനിടെയാണു ഹർഷാദിനു കടിയേറ്റത്. കൂടിന്റെ പിന്നിലെ ഭാഗം വൃത്തിയാക്കിയശേഷം പുറത്തേക്ക് ഇറങ്ങുന്നതിനിടെ വലതുകൈയിൽ കടിയേൽക്കുകയായിരുന്നു.
കടിയേറ്റ ഉടൻ പാന്പ് പുറത്തിറങ്ങാതിരിക്കാനായി ഹർഷാദ് കൂട് അകത്തുനിന്ന് അടച്ചു. കുഴഞ്ഞു വീഴുന്നതിനു മുൻപ് കൂടിന്റെ വാതിലിൽ ശക്തിയായി അടിക്കുകയും ചെയ്തു.
ഇതുകണ്ട മറ്റു ജീവനക്കാർ ഓടിയെത്തി ഹർഷാദിനെ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
20 വർഷമായി തിരുവനന്തപുരം മൃഗശാലയിൽ അനിമൽ കീപ്പറാണ് ഹർഷാദ്. ഭാര്യ: ഷീജ. മകൻ: അബിൻ. മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിൽ.