കാട്ടാക്കട : രാജവെമ്പാലയുടെ കടിയേറ്റ് മരിച്ച തിരുവനന്തപുരം മൃഗശാലയിലെ ആനിമൽ കീപ്പറായിരുന്ന ഹർഷാദിന്റെ കുടുംബത്തിന് ഒടുവിൽ സർക്കാർ കാരുണ്യം.
ഹർഷാദിന്റെ കുടുംബം വാടകവീട്ടിലാണ് കഴിയുന്നത്. സ്വന്തമായി വീടുപോലുമില്ലാത്ത ഹർഷാദിന്റെ വേർപാട് കുടുംബത്തെ മാത്രമല്ല ഒരു ഗ്രാമത്തേയും കരയിപ്പിക്കുകയും മന്ത്രിമാർ അടക്കം ഇവിടെ എത്തി സഹായവാഗ്ദാനം നൽകുകയും ചെയ്തിരുന്നു.
ഹർഷാദിന്റെ മരണം കുടംബത്തെ തീർത്തും അനാഥമാക്കിയെന്ന വിവരം ജനപ്രതിനിധികൾ സർക്കാരിനെ അറിയിച്ചിരുന്നു. .പതിനേഴ് വർഷമായി മൃഗശാലയിൽ ജോലി ചെയ്യുകയായിരുന്നു ഹർഷാദ്.
ഇതിനിടെ താത്കാലിക ജോലിക്കാരെ പലരെയും സ്ഥിരപ്പെടുത്തിയപ്പോൾ ഹർഷാദിന്റെ കാര്യത്തിൽ തീരുമാനം ആയില്ല. ഒടുവിൽ വിഷപാമ്പുകൾക്ക് നടുവിൽ കയറി സമരം നടത്തിയാണ് തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ജോലിയിൽ സ്ഥിരത നേടിയത്.
ജോലിക്കിടയിൽ കുരങ്ങിന്റെ ആക്രമണവും ചീങ്കണ്ണിയുടെ ആക്രമണവും ഒക്കെ നേരിട്ടു. വർഷങ്ങളായുള്ള പരിപാലനംമൂലം മൃഗങ്ങളുടെയും ഇഴജന്തുക്കളുടെയും ഒക്കെ ഓരോ നീക്കവും ഹർഷാദിന് അറിയാമായിരുന്നു.
കൂട് വൃത്തിയാക്കി തിരികെ ഇറങ്ങുന്നതിനിടെ രാജവെമ്പാല കടിക്കുകയായിരുന്നു. കടിയേറ്റിട്ടും പാമ്പ് പുറത്തു ചാടി മറ്റുള്ളവർക്ക് അപകടം വരാതിരിക്കാൻ കൂടു ഭദ്രമായി പൂട്ടി പുറത്തിറങ്ങിയ ശേഷമാണ് കടിയേറ്റതായി സഹപ്രവർത്തകരോട് പറയുന്നതും പിന്നാലെ കുഴഞ്ഞ് വീണതും. തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഏറെ ബാദ്ധ്യതയുള്ള ഈ കുടുംബം ഇനിയെങ്ങനെ ജീവിക്കുമെന്നതും സർക്കാരിന്റെ തീരുമാനത്തെ ആശ്രയിച്ചിരിക്കുകയായിരുന്നു. ഒടുവിൽ സർക്കാർ കനിയുകയും ചെയ്തു.