സുനിൽ കോട്ടൂർ
കാട്ടാക്കട : സ്വന്തമായി വീടുപോലുമില്ലാത്ത ഹർഷാദിന്റെ വേർപാട് കുടുംബത്തെ മാത്രമല്ല ഒരു ഗ്രാമത്തേയും കരയിപ്പിച്ചു. രാജവെമ്പാലയുടെ കടിയേറ്റ് മരിച്ച ഹർഷാദിന്റെ മരണം കുടംബത്തെ അനാഥത്വത്തിലാക്കിയിരിക്കുകയാണ്.
സദാ സന്തോഷം കളിയാടിയിരുന്ന കാട്ടാക്കട മാർക്കറ്റിന് സമീപമുള്ള വാടകവീട് ഇന്നലെ ശോകമൂകമായിരുന്നു. ഹർഷാദിന്റെ പിതാവ് അബ്ദുൾ സലാം തെരുവ് സർക്കസുകാരനാണ്.
ഒരു കാലത്ത് വന്യമൃഗങ്ങളെ മെരുക്കി കാണികളുടെ കൈയടിവാങ്ങിയിരുന്ന അദേഹത്തെ കണ്ടാണ് ഹർഷാദും സിംഹത്തെയടക്കം മെരുക്കാൻ ശീലിച്ചത്.
പതിനേഴ് വർഷമായി മൃഗശാലയിൽ ജോലി ചെയ്യുകയായിരുന്നു. ഇതിനിടെ താത്കാലിക ജോലിക്കാരെ പലരെയും സ്ഥിരപ്പെടുത്തിയപ്പോൾ ഹർഷാദിന്റെ കാര്യത്തിൽ തീരുമാനം ആയില്ല.
ഒടുവിൽ വിഷപാമ്പുകൾക്ക് നടുവിൽ കയറി സമരം നടത്തിയാണ് തനിക്ക് ഏറ്റവും ഇഷ്ട്പ്പെട്ട ജോലി സ്ഥിരത നേടിയത് .ഇക്കാലയളവിൽ കുരങ്ങിന്റെ ആക്രമണവും ചീങ്കണ്ണിയുടെ ആക്രമണവും ഒക്കെ നേരിട്ടു .
വർഷങ്ങളായുള്ള പരിപാലനം മൃഗങ്ങളുടെയും ഇഴജന്തുക്കളുടെയും ഒക്കെ ഓരോ നീക്കവും ഹർഷാദിന് അറിയാമായിരുന്നു.
എന്നാൽ അപകട കാരണമായ രാജവെമ്പാലയും ഇതിനൊപ്പം ഉണ്ടായിരുന്ന പാമ്പും അടുത്തിടെയാണ് എത്തിയത് എന്നു ചില ഉദ്യോഗസ്ഥർ പറഞ്ഞു.
കൂട് വൃത്തിയാക്കി തിരികെ ഇറങ്ങുന്നതിനിടെ രാജവെമ്പാല കടിക്കുകയായിരുന്നു.കടിയേറ്റിട്ടും പാമ്പ് പുറത്തു ചാടി മറ്റുള്ളവർക്ക് അപകടം വരാതിരിക്കാൻ കൂടു ഭദ്രമായി പൂട്ടി പുറത്തിറങ്ങിയ ശേഷമാണ് കടിയേറ്റതായി സഹപ്രവർത്തകരോട് പറയുന്നതും പിന്നാലെ കുഴഞ്ഞ് വീഴുകയും ചെയ്തത്. സഹപ്രവർത്തകർ എത്തിയപ്പോൾ മരണാസന്നനായിരുന്നു.
മുൻപ് മുതലയുടെ വാലുകൊണ്ട് അടിയേറ്റിരുന്നു. അനക്കോണ്ടയുടെ കടിയും കിട്ടിയിട്ടുണ്ട്. ഇത്രയും അപകടകരമായ ജോലി ചെയ്തിട്ടും എല്ലാവരോടും സ്നോഹത്തോടെയാണ് ഹർഷാദ് പെരുമാറിയിരുന്നത് എന്ന് സഹപ്രവർത്തകർ ഓർമ്മിക്കുന്നു.
തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ:ഷീജ, പിതാവ്:അബ്ദുൾ സലാം.മാതാവ് :അയിഷ.മകൻ:അഭിൻ