കോഴിക്കോട്: പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക മറന്നുവച്ച കേസില്‍ സര്‍ക്കാര്‍ സര്‍വീസിലുള്ള ഒരു ഡോക്ടറെയും രണ്ടു നഴ്സുമാരെയും പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി. മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ഗൈനക്കോളജി വിഭാഗം അസി. പ്രഫസര്‍ തളിപ്പറമ്പ് സൗപര്‍ണികയില്‍ ഡോ. സി.കെ. രമേശന് (52), കോഴിക്കോട് മെഡിക്കല്‍ കോളജിലെ സ്റ്റാഫ് നഴ്സുമാരായ പെരുമണ്ണ പാലത്തുകുഴി എം. രഹന (33), ദേവഗിരി കളപ്പുരയില്‍ കെ.ജി. മഞ്ജു (43) എന്നിവരെ പ്രോസിക്യൂട്ട് ചെയ്യാനാണ് ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അനുമതി നല്‍കിയത്.
കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റായ മലപ്പുറം ചങ്കുവെട്ടി മംഗലത്ത് എം. ഷഹന (32)യും കേസില്‍ പ്രതിയാണ്. ഇവര്‍ നാലുപേരെയും പ്രതിചേര്‍ത്ത് പോലീസ് കുന്ദമംഗലം ജുഡീഷല്‍ ഒന്നാം ക്ലാസ് മജിസ്േട്രറ്റ് കോടതിയില്‍ പ്രതിപ്പട്ടിക സമര്‍പ്പിച്ചിരുന്നു. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടിരുന്നു.
സര്‍ക്കാര്‍ ജീവനക്കാരെ കുറ്റവിചാരണ ചെയ്യുന്നതിന് സര്‍ക്കാരിന്റെ അനുമതി വേണ്ടതിനാലാണ് നടപടികള്‍ നീണ്ടുപോയത്. രണ്ടു ദിവസത്തിനകം പ്രതികള്‍ക്കെതിരായ കുറ്റപത്രം േകാടതിയില്‍ സമര്‍പ്പിക്കുമെന്ന്് മെഡി. കോളജ് അസി. കമ്മീഷണര്‍ കെ. സുദര്ശന് അറിയിച്ചു.
2017ല്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടന്ന പ്രസവ ശസ്ത്രക്രിയക്കിടെയാണ് പന്തീരാങ്കാവ് സ്വദേശിനി കെ.കെ. ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയതെന്നാണ് പോലീസ് കണ്ടെത്തല്‍. പ്രതിപ്പട്ടികയിലുള്ള നാലുപേരും അന്ന് മെഡിക്കല്‍ കോളജില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നു. ആദ്യഘട്ടത്തില്‍ പ്രതികള്‍ക്കനുകൂലമായ നിലപാട് സ്വീകരിച്ച സര്‍ക്കാര്‍ നാട്ടുകാര്‍ സമരസമിതി രുപീകരിച്ച് സമരം തുടങ്ങിയതോടെയാണ് നിലപാട് മാറ്റിയത്.
വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ നീതി തേടി ഹര്‍ഷിന കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിക്കുമുന്നില്‍ 104 ദിവസം സമരം നടത്തിയിരുന്നു. സെപ്റ്റംബര്‍ രണ്ടിന് സമരം അവസാനിപ്പിച്ചു.
ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവരെ പ്രതിചേര്‍ത്ത് കോടതിതില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനെത്തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചിരുന്നത്.