കോഴിക്കോട്: പ്രസവ ശസ്ത്രക്രിയ്ക്കിടെ ഹര്‍ഷിന എന്ന യുവതിയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ മെഡിക്കല്‍ കോളജിലെ രണ്ടു ഡോക്ടര്‍മാര്‍ക്കും രണ്ടു നഴ്സുമാര്ക്കുമെതിരേ കേസെടുക്കുന്ന കാര്യം പോലീസ് സജീവമായി പരിഗണിക്കുന്നു.
രണ്ട് പിജി ഡോക്ടര്‍മാര്‍, രണ്ടു നഴ്സുമാര്‍ എന്നിവര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്യാനാണ് ആലോചന. എച്ച്ഒഡിക്കെതിരേയും കേസിനു സാധ്യതയുണ്ട്.
ചികില്‍സയില്‍ പിഴവ് സംഭവിച്ചത് മെഡിക്കല്‍ ബോര്‍ഡ് അംഗീകരിച്ച സാഹചര്യത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്യാനുള്ള നീക്കം. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ലെന്ന് മെഡിക്കല്‍ കോളജ് അസി. കമ്മീഷണര്‍ കെ. സുദര്ശന് പറഞ്ഞു.
സമരത്തിന് 90 ദിവസം തികയുന്ന നാളെ മെഡിക്കല്‍ കോളജില്‍ പ്രതീകാത്മക കത്രിക സമര്‍പ്പണം നടത്താന്‍ സമര സമിതി തീരുമാനിച്ചിട്ടുണ്ട്.
ഹര്‍ഷിനയുടെ മൂന്നാമത്തെ ശസ്ത്രക്രിയ നടത്തിയവര്‍ക്കെതിരേയാണ് നടപടി. നിലവില്‍ പ്രതിസ്ഥാനത്തുള്ള ആശുപത്രി സൂപ്രണ്ടിനെ കേസില്‍നിന്ന് ഒഴിവാക്കിയേക്കും.